കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ മാറ്റിവയ്ക്കാനാകില്ല: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശ ഭരണ തിരഞ്ഞെടുപ്പും എസ്‌ഐആര്‍ നടപടികളും ഒന്നിച്ചു മുന്നോട്ടു പോകുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങളെല്ലാം ഏതാണ്ട് പൂര്‍ത്തിയായെന്നും ബിഎല്‍ഒമാരുടെ മരണം ജോലി സമ്മര്‍ദ്ദം കൊണ്ടല്ലെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു

author-image
Biju
New Update
ele

ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ മാറ്റിവക്കില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിഎല്‍ഒമാരുടെ മരണം എസ്‌ഐആറിലെ ജോലി ഭാരം കൊണ്ടല്ലെന്നും എസ്‌ഐആറിനെതിരായ ഹര്‍ജികള്‍ തള്ളണമെന്നും ആവശ്യപ്പെട്ട് കമ്മീഷന്‍ സുപ്രീം കോടതിയില്‍ സത്യാവാങ്മൂലം നല്‍കി.

എസ്‌ഐആര്‍ തദ്ദേശ തിരഞ്ഞെടുപ്പിന് തടസമല്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. കേരളത്തിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ച സമയത്ത് നിലവിലെ സാഹചര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തില്‍ എസ്‌ഐആര്‍ മാറ്റിവക്കേണ്ട സാഹചര്യമില്ലെന്നാണ് സത്യവാങ്മൂലത്തില്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത്. 

തദ്ദേശ ഭരണ തിരഞ്ഞെടുപ്പും എസ്‌ഐആര്‍ നടപടികളും ഒന്നിച്ചു മുന്നോട്ടു പോകുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങളെല്ലാം ഏതാണ്ട് പൂര്‍ത്തിയായെന്നും ബിഎല്‍ഒമാരുടെ മരണം ജോലി സമ്മര്‍ദ്ദം കൊണ്ടല്ലെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. എസ്‌ഐആറിനെതിരായ സംസ്ഥാനസര്‍ക്കാരിന്റെയടക്കം ഹര്‍ജികള്‍ കോടതി ചെലവോടെ തള്ളണമെന്നും സത്യവാങ്മൂലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. 

81 ശതമാനം എന്യുമറേഷന്‍ ഫോമും ഡിജിറ്റൈസ് ചെയ്ത് കഴിഞ്ഞതായും കമ്മീഷന്‍ കോടതിയെ അറിയിച്ചു. നിലവിലെ എസ്‌ഐആര്‍ നടപടികള്‍ തദ്ദേശ തെരഞ്ഞെടുപ്പിന് തടസമല്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് സുഗമമായി നടക്കാന്‍ നടപടികളെടുത്തിട്ടുണ്ട്. 

എസ്‌ഐആറിനും തദ്ദേശ തെരഞ്ഞെടുപ്പിനും വ്യത്യസ്ത ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് ചുമതലയുള്ളവരെ എസ്‌ഐആറിനായി ഉപയോഗിക്കരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പാക്കണം. സുഗമമായ എസ്‌ഐആര്‍ നടത്തിപ്പിന് സര്‍ക്കാര്‍ ഭരണപരമായ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇക്കാര്യം ചീഫ് സെക്രട്ടറി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാന കമ്മീഷന്‍ പറയുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനായി അഭിഭാഷകന്‍ എംആര്‍ രമേഷ് ബാബുവാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാംഗ്ച്ചി എന്നിവര്‍ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് എസ്‌ഐആറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത്.

എസ്‌ഐആര്‍ സമയക്രമം പുതുക്കി ഒരാഴ്ച അധികസമയം അനുവദിച്ച് കഴിഞ്ഞ ദിവസമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്‌ഐആര്‍ 81 ശതമാനം അപ്ലോഡ് പൂര്‍ത്തിയായെന്നും ഡിസംബര്‍ രണ്ടിനകം തീര്‍ക്കാനായിരുന്നു പദ്ധതിയെന്നുമാണ് ഇന്നലെ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയത്. സമയക്രമം പുതുക്കിയതോടെ നഗരപരിധിയിലടക്കം കണ്ടെത്താന്‍ കഴിയാത്ത വോട്ടര്‍മാരെ കണ്ടെത്താന്‍ കൂടുതല്‍ സമയം ലഭിക്കുമെന്നും കൂടുതല്‍ ബിഎല്‍ഒ, ബിഎല്‍എ യോഗങ്ങള്‍ ചേരുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നു.