/kalakaumudi/media/media_files/2025/09/01/pwan-rekha-2025-09-01-10-41-15.jpg)
പാട്ന: ബീഹാറിലെ വോട്ട് കൊള്ളയ്ക്ക് എതിരായ പരാതികളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ്.
വോട്ട് ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ച് 89 ലക്ഷം പരാതികള്‍ കോണ്‍ഗ്രസ് നല്‍കിയിട്ടും ഒരു പരാതിയില്‍ പോലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ലെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആരോപിച്ചത്.
വോട്ടര്‍ പട്ടികയിലെ പരാതികള്‍ പരിഹരിക്കുന്നതിനായി തീവ്ര പുനപരിശോധന (എസ്.ഐ.ആര്‍) സംഘടിപ്പിച്ചപ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ ബൂത്ത് ലെവല്‍ പ്രവര്‍ത്തകര്‍ പരാതികള്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍, പരിശോധനയ്ക്ക് ശേഷം പുറത്തുവിട്ട കരട് വോട്ടര്‍ പട്ടികയിലും വ്യാപക ക്രമക്കേടുകളുണ്ടെന്ന് പവന്‍ ഖേര മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്താകമാനമുള്ള 90,540 ബൂത്തുകളിലെ 65 ലക്ഷം വോട്ടുകളാണ് പട്ടികയില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തത്. ജീവിച്ചിരിപ്പില്ലെന്ന് കാണിച്ച് 22 ലക്ഷം പേരെ പട്ടികയില്‍ നിന്നും ഒഴിവാക്കിയപ്പോള്‍, നല്‍കിയ അഡ്രസ് തെറ്റാണെന്ന് കാണിച്ച് 9.7 ലക്ഷം വോട്ടര്‍മാരെയും പട്ടികയില്‍ നിന്നും നീക്കം ചെയ്തെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
ബീഹാറില്‍ വീണ്ടും തീവ്ര പുനപരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്ദേശ്യശുദ്ധിയില്‍ ഖേര സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും പരാതി ലഭിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ യഥാര്‍ഥത്തില്‍ കോണ്‍ഗ്രസ് 89 ലക്ഷം പരാതികളാണ് നല്‍കിയതെന്നും പവന്‍ ഖേര പറഞ്ഞു.
നൂറിലേറെ വോട്ടുകള്‍ നീക്കം ചെയ്തത് 20,368 ബൂത്തുകളില്‍ നിന്നാണ്. 1988 ബൂത്തുകളില്‍ നിന്നും 200 പേരുകള്‍ വീതം നീക്കം ചെയ്തതായി കണ്ടെത്തി. 7613 ബൂത്തുകളില്‍ നിന്നായി 70 ശതമാനത്തിലേറെ സ്ത്രീ വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കിയെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു.
അതേസമയം, ഒരു വോട്ടര്‍ക്ക് തന്നെ രണ്ട് വ്യത്യസ്ത ഇ.പി.ഐ.സി നമ്പര്‍ നല്‍കിയതായി കണ്ടെത്താനായെന്നും തെറ്റ് തിരുത്താനായി വീടുകള്‍ കയറിയിറങ്ങിയുള്ള സ്ഥിരീകരണം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും ഖേര പറഞ്ഞു.
എന്നാല്‍, ബീഹാറിലെ കോണ്‍ഗ്രസ് നേതാക്കളാരും തന്നെ പരാതി ഉന്നയിച്ചിട്ടില്ലെന്നാണ് ബീഹാറിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചത്. നീക്കം ചെയ്ത ഒരു പേരിന്മേലും അവകാശവാദമോ എതിര്‍പ്പോ സംസ്ഥാനത്തെ ഒരു കോണ്‍ഗ്രസ് നേതാവോ ബൂത്ത് തല ഏജന്റോ ഇന്നേവരെ ഉന്നയിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.