കോടീശ്വരന്മാര്‍ തേടുന്ന ജനവിധി

അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രണ്ടാംഘട്ടത്തില്‍ മത്സരിക്കുന്ന ധനികരുടെ പട്ടിക ഇങ്ങനെയാണ്. കര്‍ണാടകയിലെ മണ്ടിയയില്‍നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വെങ്കടരമണ ഗൗഢയാണ് ഇക്കൂട്ടത്തില്‍ ഒന്നാമന്‍. 622 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.

author-image
Rajesh T L
New Update
loksabha election

Election

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: എല്ലാക്കാലത്തും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചര്‍ച്ചയായി മാറുന്നതാണ് സ്ഥാനാര്‍ത്ഥിയുടെ സ്വത്ത് വിവരങ്ങള്‍. തിരഞ്ഞെടുപ്പ് കമ്മിഷന് അവര്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തിന്റെ ചുവടുപിടിച്ച് വിവാദങ്ങളും ഉടലെടുക്കാറുണ്ട്. ഇക്കുറിയും അതിനൊരു മാറ്റവും ഉണ്ടായിട്ടില്ല. എന്നാല്‍ മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇക്കുറിയുള്ളത് ഏറ്റവും കൂടുതല്‍ കോടീശ്വരന്മാര്‍ മത്സരരംഗത്തുണ്ട് എന്നുള്ളതാണ്.

രണ്ടാംഘട്ടത്തില്‍ 12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 88 മണ്ഡലങ്ങളില്‍നിന്ന് 1,120 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രണ്ടാംഘട്ടത്തില്‍ മത്സരിക്കുന്ന ധനികരുടെ പട്ടിക ഇങ്ങനെയാണ്. കര്‍ണാടകയിലെ മണ്ടിയയില്‍നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വെങ്കടരമണ ഗൗഢയാണ് ഇക്കൂട്ടത്തില്‍ ഒന്നാമന്‍. 622 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ സഹോദരന്‍ ഡി കെ സുരേഷും അതിസമ്പനന്നരുടെ പട്ടികയിലുണ്ട്. രണ്ടാംസ്ഥാനത്താണ് സുരേഷ്. ബെംഗളൂരു റൂറലില്‍നിന്നാണ് ഡി കെ സുരേഷ് ജനവിധി തേടുന്നത്. 278.9 കോടിയുടെ സ്വത്താണ് സുരേഷിനുള്ളത്. മൂന്നാം സ്ഥാനത്തുള്ളത് മുന്‍ ചലച്ചിത്ര താരവും ഉത്തര്‍പ്രദേശിലെ മഥുരയിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ഹേമാ മാലിനിയാണ്. 278.9 കോടിയുടെ സ്വത്താണ് ഹേമാ മാലിനിക്കുള്ളത്.

മധ്യപ്രദേശിലെ ഹൊസാനബാഗില്‍നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സഞ്ജയ് ശര്‍മയ്ക്ക് 232 കോടി രൂപയുടെ ആസ്തിയുണ്ട്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമിയും സ്വത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. മണ്ടിയയില്‍നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. ഇതോടെ, രണ്ട് കോടീശ്വരന്‍മാര്‍ തമ്മിലുള്ള പോരാട്ടം കൂടിയായി മണ്ടിയയിലെ തിരഞ്ഞെടുപ്പ് മാറിയിരിക്കുകയാണ്. 214 കോടിയുടെ സ്വത്താണ് കുമാരസ്വാമിക്കുള്ളത്.

ചിക്കമഗളുരുവില്‍നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എംഎസ് രക്ഷരാമയ്യക്ക് 169 കോടിയുടെ സ്വത്തുണ്ട്. രാജസ്ഥാനിലെ ടോങ്ക്-സവായി മധോപൂരില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന സുക്ബിര്‍ സിങ് ജൗന്‍പുരിയയ്ക്ക് 142 കോടിയുടെ സ്വത്താണുളളത്.

ബംഗളൂരു നോര്‍ത്തില്‍നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രൊഫ. എം വി രാജീവ് ഗൗഢയ്ക്ക് 134 കോടിയുടെ ആസ്തിയുണ്ട്. രാജസ്ഥാനിലെ ചിത്തോര്‍ഘറില്‍നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഞ്ജന ഉദയ്‌ലാലിന് 118 കോടിയുടെ സ്വത്തുണ്ട്.

ഈ പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങള്‍ പരിശോധിക്കുമ്പോള്‍, ഏറ്റവും കൂടുതല്‍ കോടീശ്വര സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് കര്‍ണാടകയിലാണ്. അഞ്ചു പേരാണ് കര്‍ണാടകയില്‍ മത്സരിക്കുന്ന കോടീശ്വരന്‍മാര്‍. ആദ്യ പത്ത് സ്ഥാനത്തുള്ള ധനികരില്‍ ആറുപേരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ്.

ആസ്തിവിവരങ്ങള്‍ മറച്ചുവച്ചു എന്ന വിവാദവും ഇതിനൊപ്പം പൊങ്ങിവരുന്നതാണ്. ഇതില്‍ ഏറ്റവും പ്രമുഖന്‍ തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്ര ഐടി സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റേതാണ്. രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്ന അദേഹത്തിന്റെ മുഴുവന്‍ സ്വത്ത് ഏകദേശം 9 കോടി 25 ലക്ഷം ആണ്.

എന്നാല്‍ ഇത് വസ്തുതാപരമായി തെറ്റാണ് എന്നാണ് അവ്നി ബന്‍സല്‍ ആരോപിക്കുന്നത്. ബോണ്ടുകള്‍, കടപ്പത്രങ്ങള്‍/ഷെയറുകള്‍, കമ്പനികള്‍/മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയിലെയും മറ്റുള്ളവയിലെയും രാജീവ് ചന്ദ്രശേഖറിന്റെ നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ അനുസരിച്ച് അദ്ദേഹത്തിന്റെ മുഴുവന്‍ സ്വത്തിന്റെയും മൂല്യം ഒന്നിച്ച് ചേര്‍ത്താല്‍ 45 കോടി രൂപയോളം വരും. എന്നാല്‍ ഈ വിവരങ്ങള്‍ ഒന്നും തന്നെ സത്യവാങ്മൂലത്തില്‍ ചേര്‍ത്തിട്ടില്ല. ബംഗളൂരുവിലെ വസതിയുടെ ഉടമസ്ഥതയും രാജീവ് ചന്ദ്രേശഖര്‍ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് പരാതി. എന്തായാലും പരാതിയില്‍ പരിശോധിക്കാന്‍ തിരെഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്. 

 

loksabha elelction 2024 electionnews election news updates election news live today election news