ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ഭീകരർ ഒളിച്ചിരുന്ന പ്രദേശത്ത് നിന്നും രണ്ട് എകെ -47 റൈഫിളുകളും മറ്റ് വെടിക്കോപ്പുകളും കണ്ടെടുത്തു. ചത്രു പ്രദേശത്തെ പാസർകുട്ടിൽ രാവിലെ പത്തരയോടെ ആയിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്

author-image
Devina
New Update
jammuka

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. കിഷ്ത്വാർ ജില്ലയിലെ ട്രാഷി-1 മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജെയ്ഷ് ഇ മുഹമ്മദ് അംഗങ്ങൾ കൊല്ലപ്പെട്ടു. പൊലീസ്, രഹസ്യാന്വേഷണ വിഭാഗങ്ങൾ എന്നിവ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പൊലീസ്, സൈന്യം, സിആർപിഎഫ് വിഭാഗങ്ങൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരവാദികളെ വധിച്ചതെന്ന് വൈറ്റ് നൈറ്റ് കോർപ്‌സ് പ്രസ്താവനയിൽ അറിയിച്ചു.സൈഫുള്ള എന്നായാളാണ് കൊല്ലപ്പെട്ടവരിൽ ഒരാളെന്ന് തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു.

ഭീകരർ ഒളിച്ചിരുന്ന പ്രദേശത്ത് നിന്നും രണ്ട് എകെ -47 റൈഫിളുകളും മറ്റ് വെടിക്കോപ്പുകളും കണ്ടെടുത്തു. ചത്രു പ്രദേശത്തെ പാസർകുട്ടിൽ രാവിലെ പത്തരയോടെ ആയിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്.

നിരോധിത സംഘടനയായ ജെയ്ഷെ-ഇ-മുഹമ്മദുമായി ബന്ധമുള്ള രണ്ട് പാകിസ്ഥാൻ ഭീകരർ ഒളിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു സുരക്ഷാ സേനകൾ തെരച്ചിലിന് ഇറങ്ങിയത്. പ്രദേശത്തെ താഴ്വരയിലെ ഒരു മൺവീട്ടിൽ ഒളിച്ചിരുന്ന ഭീകരരെ സൈന്യം വളയുകയായിരുന്നു. ചത്രു വനമേഖലയിൽ കഴിഞ്ഞ മാസം ഭീകരരും സുരക്ഷാ സേനയും തമ്മിൽ ആറോളം വെടിവയ്പ്പുകൾ നടന്നു, അതിൽ ഒരു സൈനികനും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു.