മദ്യ കുംഭകോണം; ഭൂപേഷ് ബാഗേലിന്റെ മകന്റെ 61 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ.ഡി

കണ്ടുകെട്ടിയ സ്വത്തുക്കളില്‍ 364 റെസിഡന്‍ഷ്യല്‍ പ്ലോട്ടുകളും കൃഷിഭൂമിയും ഉള്‍പ്പെടെ 59.96 കോടി രൂപ വിലമതിക്കുന്ന സ്ഥാവര വസ്തുക്കളാണുള്ളത്. ഇതോടൊപ്പം ബാങ്ക് ബാലന്‍സും സ്ഥിര നിക്ഷേപങ്ങളും ഉള്‍പ്പെടെ 1.24 കോടി രൂപയുടെ ജംഗമ ആസ്തികളും ഇ.ഡി കണ്ടുകെട്ടി.

author-image
Biju
New Update
boopesh

റായ്പുര്‍ : ഛത്തീസ്ഗഡ് മദ്യ കുംഭകോണ കേസില്‍ സുപ്രധാന നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ മകന്‍ ചൈതന്യ ബാഗേലിന്റെ 61.20 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി. 2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ പ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുള്ളത്.

കണ്ടുകെട്ടിയ സ്വത്തുക്കളില്‍ 364 റെസിഡന്‍ഷ്യല്‍ പ്ലോട്ടുകളും കൃഷിഭൂമിയും ഉള്‍പ്പെടെ 59.96 കോടി രൂപ വിലമതിക്കുന്ന സ്ഥാവര വസ്തുക്കളാണുള്ളത്. ഇതോടൊപ്പം ബാങ്ക് ബാലന്‍സും സ്ഥിര നിക്ഷേപങ്ങളും ഉള്‍പ്പെടെ 1.24 കോടി രൂപയുടെ ജംഗമ ആസ്തികളും ഇ.ഡി കണ്ടുകെട്ടി. ഭൂപേഷ് ബാഗേലിന്റെ മകന്‍ ചൈതന്യ ബാഗേലാണ് ഛത്തീസ്ഗഡ് മദ്യ കുംഭകോണത്തിലെ മദ്യ സിന്‍ഡിക്കേറ്റിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് ഇ.ഡി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

മദ്യക്കച്ചവടത്തില്‍ നിന്ന് ലഭിച്ച പി.ഒ.സി ഉപയോഗിച്ച് ചൈതന്യ ബാഗേല്‍ തന്റെ ഉടമസ്ഥതയിലുള്ള മെസ്സേഴ്‌സ് ബാഗേല്‍ ഡെവലപ്പേഴ്സിന് കീഴില്‍ വിത്തല്‍ ഗ്രീന്‍ എന്ന റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റ് വികസിപ്പിച്ചെടുത്തതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. 2025 ജൂലൈ 18 ന് ചൈതന്യ ബാഗേലിനെ ഇ.ഡി അറസ്റ്റ് ചെയ്തു. 

നിലവില്‍ അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഛത്തീസ്ഗഡ് മദ്യ കുംഭകോണ കേസില്‍ മുന്‍ എംഎല്‍എയും കുറ്റകൃത്യം നടക്കുന്ന സമയത്ത് ഛത്തീസ്ഗഢ് എക്‌സൈസ് മന്ത്രിയുമായിരുന്ന കവാസി ലഖ്മയേയും ഒരു ഐഎഎസ് ഉദ്യോഗസ്ഥനെയും ഉള്‍പ്പെടെ മറ്റു പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ ഇതുവരെയായി ഏകദേശം 215 കോടി രൂപ വിലമതിക്കുന്ന സ്ഥാവര വസ്തുക്കള്‍ ആണ് ഇ.ഡി പിടിച്ചെടുത്തിട്ടുള്ളത്.