രാഹുലിനും സോണിയക്കും എതിരെ ഗൂഢാലോചന കുറ്റം, ഇ.ഡിയുടെ പരാതിയില്‍ എഫ്‌ഐആര്‍

സോണിയ ഗാന്ധി കേസിലെ ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമാണ്. നാഷനല്‍ ഹെറാള്‍ഡ് കേസില്‍ വിധി പറയുന്നത് ഡല്‍ഹി കോടതി ഡിസംബര്‍ 16ലേക്ക് മാറ്റിവച്ചതിനു പിന്നാലെയാണ് പുതിയ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്തുവന്നത്.

author-image
Biju
New Update
ra 2

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും എതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ഇരുവര്‍ക്കും എതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. സാം പിത്രോദയും കേസില്‍ പ്രതിയാണ്. സോണിയ ഗാന്ധി കേസിലെ ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമാണ്. നാഷനല്‍ ഹെറാള്‍ഡ് കേസില്‍ വിധി പറയുന്നത് ഡല്‍ഹി കോടതി ഡിസംബര്‍ 16ലേക്ക് മാറ്റിവച്ചതിനു പിന്നാലെയാണ് പുതിയ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്തുവന്നത്. 
ഒക്ടോബര്‍ മൂന്നിനാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഇ.ഡിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്. പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട് സെക്ഷന്‍ 66(2) പ്രകാരം, ഏതൊരു ഏജന്‍സിയോടും ഒരു ഷെഡ്യൂള്‍ഡ് കുറ്റകൃത്യം റജിസ്റ്റര്‍ ചെയ്യാനും അന്വേഷിക്കാനും ആവശ്യപ്പെടാന്‍ ഇ.ഡിക്ക് അധികാരമുണ്ട്.  


നാഷനല്‍ ഹെറാള്‍ഡ് പത്രത്തിന്റെ മാതൃ കമ്പനിയായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ വഞ്ചനാപരമായി കൈവശപ്പെടുത്താന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഷെല്‍ കമ്പനിയായ ഡോട്ടെക്സ് മര്‍ച്ചന്റൈസ്, രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് 76 ശതമാനം ഓഹരിയുള്ള ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയായ യങ് ഇന്ത്യന്‍ എന്ന സ്ഥാപനത്തിന് ഒരു കോടി രൂപ നല്‍കിയതായി ആരോപിക്കപ്പെടുന്നു. ഈ ഇടപാടിലൂടെ യങ് ഇന്ത്യന്‍, കോണ്‍ഗ്രസിനു 50 ലക്ഷം രൂപ നല്‍കുകയും ഏകദേശം 2,000 കോടി രൂപയുടെ ആസ്തിയുള്ള അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ നിയന്ത്രണം നേടുകയും ചെയ്തുവെന്നാണ് ആരോപണം.