/kalakaumudi/media/media_files/2025/11/21/vadra-2025-11-21-17-47-40.jpg)
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വ്യവസായി റോബര്‍ട്ട് വാദ്രയ്ക്കെതിരെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. യുകെ ആസ്ഥാനമായുള്ള പ്രതിരോധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് പുതിയ കുറ്റപത്രം.
കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവായ വാദ്ര ഈ കേസില്‍ ഒന്‍പതാം പ്രതിയാണ്. ആദ്യമായാണ് ഈ കേസില്‍ വാദ്രയെ പ്രതി ചേര്‍ക്കുന്നത്. ജൂലൈയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) വാദ്രയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഡല്‍ഹിയിലെ റോസ് അവന്യു കോടതിയിലാണ് പ്രോസിക്യൂഷന്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
വാദ്രയെ കൂടാതെ സഞ്ജയ് ഭണ്ഡാരി, സുമിത് ഛദ്ദ, സഞ്ജീവ് കപുര്‍, അനിരുദ്ധ് വാധ്വ, സാന്റെക് ഇന്റര്‍നാഷണല്‍ എഫ്ഇസഡ്സി, ഓഫ്സെറ്റ് ഇന്ത്യ സൊല്യൂഷന്‍സ് എഫ്ഇസഡ്സി, ഷംലാന്‍ ഗ്രോസ് വണ്‍ ഐഎന്‍സി, ചെറുവത്തൂര്‍ ചക്കുട്ടി തമ്പി എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. കുറ്റപത്രം ഡിസംബര്‍ ആറിനു പരിഗണിക്കും.
ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം രണ്ട് തവണ ചോദ്യം ചെയ്യലിനായി ഇഡി വാദ്രയെ വിളിപ്പിച്ചിരുന്നു. എന്നാല്‍ ആദ്യ സമന്‍സില്‍ അസുഖമാണെന്നു അറിയിച്ചു. പിന്നീട് ഒരു പ്രാദേശിക കോടതിയുടെ അനുമതിയോടെ വിദേശ യാത്ര ചെയ്തതിനാല്‍ വാദ്ര ഹാജരാകേണ്ട തീയതി നീട്ടിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
മൂന്ന് വ്യത്യസ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ ഇഡിയുടെ നിരീക്ഷണത്തിലാണ് വാദ്ര. ഇതില്‍ രണ്ടെണ്ണം ഹരിയാനയിലേയും രാജസ്ഥാനിലേയും ഭൂമിയിടപാടുകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ്. 2008ലെ ഹരിയാന ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഏപ്രിലില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം വാദ്രയെ ചോദ്യം ചെയ്തിരുന്നു.
രാജസ്ഥാനിലെ ബിക്കാനീറിലെ ഭൂമിയിടപാടിലെ സാമ്പത്തിക ക്രമക്കേടുകളാണ് മറ്റൊരു കേസ്.തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടാണ് വാദ്രയ്ക്കുള്ളത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി തന്നെ വേട്ടയാടുകയും ഉപദ്രവിക്കുകയും ചെയ്യുകയാണെന്ന ആരോപണവും വാദ്ര ഉന്നയിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
