mla vijin about eswar malpe rescue mission for arjun in shiroor
ബെംഗളൂരു:കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ തുടർന്ന് ദൗത്യസംഘവും മത്സ്യത്തൊഴിലാളികളും.ഗംഗാവലി പുഴയിൽ സിഗ്നൽ കിട്ടിയ സ്ഥലത്ത് മൂന്ന് തവണ മത്സ്യത്തൊഴിലാളി സംഘത്തിന് നേതൃത്വം നൽകുന്ന ഈശ്വർ മൽപെ മുങ്ങിയെന്നും മൂന്നാം തവണ കയർ പൊട്ടി ഈശ്വർ മൽപെ ഒഴുകിപ്പോയെന്നും എം വിജിൻ എംഎൽഎ പറഞ്ഞു.
ഈശ്വർ മൽപെയെ നാവികസേന രക്ഷിക്കുകയായിരുന്നുവെന്നും എംഎൽഎ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അടിയൊഴുക്ക് ശക്തമാണെന്നും വൈകിട്ടും ദൗത്യം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ സംഘമാണ് ദൗത്യം നടത്തുന്നത്.
സിഗ്നൽ കിട്ടിയ സ്ഥലത്ത് ഈശ്വർ മൽപെ രണ്ടു തവണ ഇറങ്ങി. മൂന്നാം തവണ ഇറങ്ങിയപ്പോൾ റോപ്പ് പൊട്ടി 50 മീറ്ററോളം ഒഴുകിപ്പോയി. പിന്നീട് നാവികസേന രക്ഷിക്കുകയായിരുന്നു. എന്നാൽ കൂടുതൽ ആഴത്തിലേക്ക് ഈശ്വറിന് പോകാൻ കഴിഞ്ഞില്ല. നദിയുടെ താഴ്ചയിലേക്ക് പോയെങ്കിലും അടിയൊഴുക്ക് ശക്തമായത് കൊണ്ട് തിരിച്ചു കയറേണ്ടി വന്നെന്നും എംഎൽഎ പറഞ്ഞു.
നിലവിൽ ഭക്ഷണം കഴിക്കാനായി ബ്രേക്ക് എടുത്തിരിക്കുകയാണ്. അതിനു ശേഷം ദൗത്യം തുടരുമെന്നും വലിയ ആത്മവിശ്വാസമാണ് ഈശ്വർ മൽപെ പ്രകടിപ്പിക്കുന്നതെന്നും എം വിജിൻ എംഎൽഎ പറഞ്ഞു. പുഴയിൽ ഇറങ്ങിയ ആളുമായി കരയിൽ ഉള്ളവർക്ക് ആശയവിനിമയം നടക്കുന്നുണ്ട്. നദിക്കടിയിൽ വലിയ പാറകളുണ്ട്.