/kalakaumudi/media/media_files/2025/09/01/petrol-2025-09-01-21-33-59.jpg)
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി 20 ശതമാനം എഥനോള്‍ കലര്‍ന്ന പെട്രോള്‍ (ഇ-20) നിര്‍ബന്ധമാക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച തള്ളി. പെട്രോളിലെ എഥനോള്‍ 20 ശതമാനമായി ഉയര്‍ത്തുന്നത് വാഹനങ്ങളുടെ ക്ഷമതയെ ബാധിക്കുമെന്നത് അടക്കം ചൂണ്ടിക്കാട്ടി അഭിഭാഷകനായ അക്ഷയ് മല്‍ഹോത്ര സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.
ഹര്‍ജിയിലെ വാദങ്ങളോട് ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായി, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് വിയോജിച്ചു. ഇന്ധനം കരിമ്പു കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്ന് അവകാശപ്പെട്ട്, കേന്ദ്രസര്‍ക്കാരും ഹര്‍ജിയെ എതിര്‍ത്തു.
2023 ന് മുമ്പ് നിര്‍മ്മിച്ച കാറുകളും ഇരുചക്ര വാഹനങ്ങളും, പുതിയ ചില ബിഎസ്-VI വാഹനങ്ങളും ഉയര്‍ന്ന നിലവാരത്തിലുള്ള എഥനോള്‍ മിശ്രിതങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും ദശലക്ഷക്കണക്കിന് വാഹന ഉടമകള്‍ ഇ-20 ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഇത്തരം വാഹനങ്ങളുടെ രൂപകല്‍പ്പന പ്രകാരം എഥനോള്‍ കലര്‍ത്തിയ ഇന്ധനം കൈകാര്യം ചെയ്യാന്‍ കഴിയിലെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.
കേന്ദ്രത്തിന്റെ തീരുമാനത്തിന് എതിരല്ലെന്നും, എന്നാല്‍ ഇ-20യുമായി പൊരുത്തപ്പെടാത്ത വാഹനങ്ങള്‍ക്ക് എഥനോള്‍ രഹിത പെട്രോള്‍ ഒരു ഓപ്ഷനായി നല്‍കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി. അതേസമയം, ഉപഭോക്താക്കള്‍ക്ക് വ്യക്തമായി കാണാനാകുന്നവിധം എല്ലാ പെട്രോള്‍ പമ്പുകളിലും വിതരണ യൂണിറ്റുകളിലും എഥനോള്‍ ഉള്ളടക്കം നിര്‍ബന്ധമായും ലേബല്‍ ചെയ്യണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു.