/kalakaumudi/media/media_files/wwWd9xgN5rF6IXycmWN1.jpg)
അബുദാബി: ഇന്ത്യയിലേക്ക് സർവീസ് ആരംഭിച്ചതിൻ്റെ 20-ാം വർഷത്തിൽ അബുദാബിയിൽ നിന്നുള്ള വിമാന ടിക്കറ്റിൽ 20 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് ഇത്തിഹാദ് എയർ വേയ്‌സ്. നാളെ വരെ ടിക്കറ്റ് എടുക്കുന്നവർക്ക് ആനുകൂല്യം ലഭിക്കും. ഒക്ടോബർ ഒന്നിനും 2025 മാർ ച്ച് 15നും ഇടയിൽ യാത്ര ചെയ്യണമെന്ന നിബന്ധനയുണ്ട്. ആഘോഷത്തിന്റെ ഭാഗമായി എയർബസ് എ 380 മുംബൈ- അബുദാബി സെക്ടറിൽ ആഴ്ച്‌ചയിൽ 3 തവണ സർവീസ്നടത്തും.
ഇത്തിഹാദ് ഡോട് കോം (etihad.com) വഴി ബുക്ക് ചെയ്യുമ്പോൾ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾക്ക് കിഴിവ് ബാധകമാകും. ഇത്തിഹാദ് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈയിലേക്ക് ഈ മാസം 26-ന് ഫ്ലൈറ്റുകൾ ആരംഭിക്കും. തുടർന്ന് ഡിസംബർ 1-ന് ന്യൂഡൽഹിയിലേക്കും. ഇന്ത്യ ഇത്തിഹാദിന് തന്ത്രപരമായി പ്രധാനപ്പെട്ട വിപണിയാണെന്നും അവിശ്വസനീയമായ രാജ്യത്തേയ്ക്ക് പറക്കാൻ തുടങ്ങിയതിൻ്റെ 20 വർഷം ആഘോഷിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും ഇത്തിഹാദ് എയർവേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ അൻ്റൊണാൾഡോ നെവ്സ് പറഞ്ഞു. 2004-ൽ ഇത്തിഹാദ് മുംബൈയിലേയ്ക്ക് ഫ്ലൈറ്റുകൾ ആരംഭിച്ചപ്പോൾ ഇത് കമ്പനിയുടെ എട്ടാമത്തെ ആഗോള ലക്ഷ്യസ്ഥാനമായിരുന്നു.