/kalakaumudi/media/media_files/2026/01/15/rep-2026-01-15-20-07-47.jpg)
ന്യൂഡല്‍ഹി: ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും മുഖ്യാതിഥികളായി പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയമാണ് വ്യാഴാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം 2026 ജനുവരി 25 മുതല്‍ 27 വരെ ഇരുനേതാക്കളും ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും. സന്ദര്‍ശന വേളയില്‍, ജനുവരി 27-ന് നടക്കുന്ന 16-ാമത് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ഇരുനേതാക്കളും സംയുക്തമായി അധ്യക്ഷത വഹിക്കും. ഇന്ത്യ-ഇയു തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിലാകും ഉച്ചകോടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.
സന്ദര്‍ശനത്തിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിക്കും. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉന്നതതല ചര്‍ച്ചകളും പ്രതിനിധിതല ചര്‍ച്ചകളും നടത്തും. ഇതിനുപുറമെ, ഉച്ചകോടിയുടെ ഭാഗമായി ഒരു ഇന്ത്യ-ഇയു ബിസിനസ് ഫോറവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
2004 മുതല്‍ തന്ത്രപരമായ പങ്കാളികളായ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം അടുത്ത കാലത്തായി വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. 2020 ജൂലൈയിലാണ് ഇതിനുമുന്‍പത്തെ ഉച്ചകോടി (15ാമത്) വെര്‍ച്വലായി നടന്നത്. 2025 ഫെബ്രുവരിയില്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രതിനിധികള്‍ ഇന്ത്യ സന്ദര്‍ശിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക് ഉയര്‍ന്നു.
യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ഈ സന്ദര്‍ശനം ഇന്ത്യയും ഇയുവും തമ്മിലുള്ള തന്ത്രപരമായ സഹകരണം കൂടുതല്‍ ഊട്ടിയുറപ്പിക്കുമെന്നും മുന്‍ഗണനാ മേഖലകളിലെ സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുമെന്നും വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
