റഡാര്‍ സംവിധാനങ്ങളാണ് ഏതൊരു രാജ്യത്തെയും തങ്ങളുടെ ശത്രുക്കളുടെ ആക്രമണം തിരിച്ചറിയാന്‍ ഒരു പരിധിവരെ സഹായിക്കുന്നത്. ആ റഡാറിന്റെ കണ്ണുവെട്ടിച്ച് പറക്കാന്‍ കഴിവുള്ള വിമാനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാലിപ്പോള്‍ ഇന്ത്യ തുനിഞ്ഞിറങ്ങിയാല്‍ ഒരു റഡാറും പിടിക്കാന്‍ പറ്റില്ലാത്ത അത്യാധുനിക പ്രതിരോധ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഐഐടി കാണ്‍പൂരിലെ ഗവേഷകര്‍. യുദ്ധവിമാനങ്ങളെയും ടാങ്കുകളെയും ശത്രുവിന്റെ റഡാര്‍ കണ്ണുകളില്‍ പെടാതെ മറയ്ക്കുന്ന മെറ്റാ മെറ്റീരിയല്‍ സര്‍ഫസ് ക്ലോക്കിങ് സിസ്റ്റമാണ് ഇന്ത്യന്‍ ഗവേഷകര്‍ വികസിപ്പിച്ചത്.
അനലക്ഷ്യ എന്നാണ് ഈ സംവിധാനത്തിന് ഗവേഷകര്‍ ഇട്ടിരിക്കുന്ന പേര്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റില്‍ ഈ സ്‌റ്റൈല്‍ത്ത് സാങ്കേതിക വിദ്യ നിര്‍ണായകമാകും. ശത്രുവിന്റെ റഡാര്‍ നിരീക്ഷണത്തില്‍പ്പെടാതെ ആക്രമണം നടത്താനുള്ള സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ വളരെ ചുരുക്കം രാജ്യങ്ങള്‍ക്കാണ് ഉള്ളത്. ഈ കൂട്ടത്തിലേക്കാണ് ഇന്ത്യയും ഭാഗമാകുന്നത്.
റഡാര്‍ കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെടുന്ന സിഗ്‌നലുകളെ ആഗീരണം ചെയ്യുന്ന പ്രത്യേകതരം പദാര്‍ഥമാണ് കാണ്‍പുര്‍ ഐഐടിയിലെ ഗവേഷകര്‍ വികസിപ്പിച്ചത്. ഇതിലൂടെ യുദ്ധവിമാനങ്ങളെ ശത്രുക്കള്‍ക്ക് റഡാറിലൂടെ തിരിച്ചറിയാന്‍ സാധിക്കാതെ വരും.
2019 മുതല്‍ 2024 വരെ പരീക്ഷണശാലയിലും തുറസായ സ്ഥലത്തും നടത്തിയ വിവിധ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് കണ്ടുപിടിത്തം വിജയകരമാണെന്ന് തിരിച്ചറിഞ്ഞത്. കാണ്‍പുര്‍ ഐഐടിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയായ അനലക്ഷ്യ ഉടന്‍ സൈന്യത്തിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ. 'അനലക്ഷ്യ'യുടെ 90 ശതമാനവും തദ്ദേശീയമായി കണ്ടെത്തിയവയാണ്. മെറ്റ തത്വ സിസ്റ്റം എന്ന സ്വകാര്യ കമ്പനിയാകും അനലക്ഷ്യയുടെ വ്യാവസായിക ഉത്പാദനം നടത്തുക. ഇതിനായി കരാര്‍ പ്രകാരം സാങ്കേതിക വിദ്യ കൈമാറിയിട്ടുണ്ട്.
ലോകത്ത് അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ അഞ്ചാം തലമുറ മുതലുള്ള യുദ്ധവിമാനങ്ങള്ളില്‍ സമാനമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യ തദ്ദേശീയമായി ഇത് വികസിപ്പിച്ചതോടെ ഇനി ഇന്ത്യന്‍ സൈന്യത്തിന്റെ ആത്മവിശ്വാസം കൂടുതല്‍ വര്‍ധിക്കും. യുദ്ധവിമാനങ്ങള്‍, ആളില്ലാ യുദ്ധവിമാനങ്ങള്‍, പടക്കപ്പലുകള്‍, കരസേനയുടെ ടാങ്കുകള്‍ എന്നിവയില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം.