മുംബൈ: ഇവിഎം അട്ടിമറിയിലൂടെയാണ് ദേവേന്ദ്രഫ്ഡ്‌നാവിസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ പ്രതിപക്ഷ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യാതെ ചടങ്ങു ബഹിഷ്കരിച്ചു. ജനാധിപത്യം അട്ടിമറിച്ചുവെന്നരോപിച്ച് പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ്, ശിവസേന ഉദ്ദവ് വിഭാഗം, എന്‍സിപി ശരദ് പവാര്‍ വിഭാഗം നേതാക്കള്‍ പറഞ്ഞു. അതേസമയം ഭരണപക്ഷ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി.ഇന്ന് മുതൽ മൂന്നു ദിവസം നടക്കുന്ന പ്രത്യേക സഭ സമ്മേളനത്തിലാണ് മഹാരാഷ്ട്രയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ,സ്പീക്കർ തിരഞ്ഞെടുപ്പ്,വിശ്വാസവോട്ടെടുപ്പ്, ഗവർണ്ണറുടെ അഭിസംബോധന തുടങ്ങിയവ നടക്കുക.
അതേസമയം സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനിന്ന പ്രതിപക്ഷ എംഎല്‍എമാര്‍ ശിവാജി പ്രതിമയുടെ മുന്നില്‍ ആദരവ് അര്‍പ്പിച്ച് മടങ്ങി. തങ്ങള്‍ സത്യപ്രതിജ്ഞയ്ക്ക് എതിരല്ലെന്നും ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ലെന്നും പ്രതിപക്ഷ എംഎല്‍എമാര്‍ പറഞ്ഞു. അവര്‍ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നിലപാടിനെതിരെയാണ് പ്രതിഷേധമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ഇവിഎം തിരിമറി നടത്തിയതിലൂടെയാണ് മഹാരാഷ്ട്രയില്‍ ബിജെപി സഖ്യസര്‍ക്കാര്‍ അധികരാത്തിലെത്തിയതെന്ന് പ്രതിപക്ഷ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. വന്‍ വിജയം നേടിയിട്ടിട്ടും അവരുടെ ക്യാംപില്‍ സന്തോഷമില്ല. ഇവിഎമ്മുകൾ ഉപയോഗിച്ചുകൊണ്ട് ജനാധിപത്യം കശാപ്പു ചെയ്യപ്പെട്ടിരിക്കുന്നതിനാൽ ഇന്നത്തെ സത്യപ്രതിജ്ഞ ചടഞ്ഞു ബഹിഷ്‌ക്കരിക്കുകയാണെന്നു ശിവസേന യുബിടി നേതാവ് ആദിത്യ താക്കറെ പറഞ്ഞു.ഇത് ജനങ്ങളുടെ വിധിയല്ല ,ഇത് ഇവിഎമ്മിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും വിധിയാണ്,അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍ അധികാരമേറ്റത്. മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ, എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിമാരായും അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.അതേസമയം സമാജ്‌വാദി പാർട്ടി അംഗങ്ങളായ അബു അസീം ആസ്മിയും റെയിസ് ഷേക്കും സത്യപ്രതിജ്ഞ ചടങ്ങുകളിൽ പങ്കെടുത്തു