അമരാവതി: ആന്ധ്രാപ്രദേശിലെ മരുന്നുനിര്‍മാണകേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. സ്‌ഫോടനത്തില്‍ 41 പേര്‍ക്ക് പരിക്കേറ്റു. അനകപ്പള്ളി ജില്ലയിലെ അച്യുതപുരത്തുള്ള എസ്സന്‍ഷ്യ അഡ്വാന്‍സ്ഡ് സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡില്‍ ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം. 381 തൊഴിലാളികള്‍ രണ്ടു ഷിഫ്റ്റിലായി ജോലിചെയ്യുന്ന സ്ഥാപനമാണിത്. വന്‍ സ്‌ഫോടനത്തോടെയാണ് തീപ്പിടിത്തമുണ്ടായത്. ഉച്ചഭക്ഷണസമയത്തായതിനാല്‍ അപകടതീവ്രത കുറഞ്ഞു.
പൊട്ടിത്തെറിയുടെ ആഘാതത്തില്‍ തൊഴിലാളികളുടെ ശരീരഭാഗങ്ങള്‍ കെട്ടിടത്തില്‍നിന്നും ദൂരേയ്ക്ക് തെറിച്ചുവീണു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ തൊഴിലാളികളെ അഗ്‌നിരക്ഷാസേനയും എന്‍.ഡി.ആര്‍.എഫും അടങ്ങുന്ന രക്ഷാപ്രവര്‍ത്തകരാണ് പുറത്തെത്തിച്ചത്. സംഭവത്തില്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി.