സംഭാഷണങ്ങളും നയതന്ത്രവും മാത്രമാണ് പശ്ചിമേഷ്യയില്‍ ഏക പരിഹാരം: പാര്‍ലമെന്റില്‍ എസ് ജയശങ്കര്‍

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, സൈനിക നടപടികള്‍ക്ക് പകരം നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും ജയശങ്കര്‍ പറഞ്ഞു

author-image
Biju
New Update
jaishanker parlam

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ സംഭാഷണങ്ങളും നയതന്ത്രവും മാത്രമാണ് ഏക പരിഹാരമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ നമുക്കെല്ലാവര്‍ക്കും വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന യുദ്ധസാഹചര്യത്തില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് രാജ്യം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, സൈനിക നടപടികള്‍ക്ക് പകരം നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കാണണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും ജയശങ്കര്‍ പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ആയിരുന്നു ജയശങ്കര്‍ രാജ്യസഭയെ അഭിസംബോധന ചെയ്തത്. പ്രസ്താവന മാത്രമല്ല ചര്‍ച്ച വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ജയശങ്കര്‍ പറഞ്ഞു. സംഘര്‍ഷ മേഖലയില്‍ നിന്ന് ഇതുവരെ 67,000 ഇന്ത്യന്‍ പൗരന്മാര്‍ സുരക്ഷിതമായി നാട്ടില്‍ തിരിച്ചെത്തി. ഫെബ്രുവരി 20ന് തന്നെ ഇന്ത്യ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. എല്ലാ ഭാഗത്തുനിന്നും സംയമനം പാലിക്കണമെന്നും, ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിയൂ എന്നും ജയശങ്കര്‍ ആവര്‍ത്തിച്ചു. യുദ്ധം കാരണം ആഗോള വിതരണ ശൃംഖലയില്‍ ഗുരുതരമായ തടസങ്ങള്‍ നേരിടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സാമ്പത്തിക മേഖലയെ ബാധിക്കുന്ന കാര്യമാണെന്നും ജയശങ്കര്‍ പറഞ്ഞു.

പ്രധാനമന്ത്രി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. പശ്ചിമേഷ്യ സുസ്ഥിരമായി തുടരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്നത്. ദേശീയ സുരക്ഷ ഉറപ്പാക്കും. ടെഹ്‌റാനിലെ ഇന്ത്യക്കാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി. ഇറാനിലെ ഇന്ത്യന്‍ എംബസി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണ്. ചിലര്‍ എംബസിയുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചുവെന്നും ജയശങ്കര്‍ പറഞ്ഞു.