/kalakaumudi/media/media_files/2025/12/30/klapam-2025-12-30-20-39-21.jpg)
ന്യൂഡല്‍ഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പങ്കെടുക്കും. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം മോശമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഖാലിദ സിയയുടെ മരണാന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി മുതിര്‍ന്ന മന്ത്രി ബംഗ്ലാദേശിലേക്ക് പോകുന്നത് എന്നതാണ് ശ്രദ്ധേയം.
ബുധനാഴ്ച(ഡിസംബര്‍ 31)യാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ബംഗ്ലാദേശ് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) അധ്യക്ഷകൂടിയായിരുന്ന ഖാലിദ സിയ ബംഗ്ലാദേശിന്റെ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന വ്യക്തിത്വമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അവരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഡിസംബര്‍ 30 ചൊവ്വാഴ്ച പുലര്‍ച്ചെ ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
80-കാരിയായ ഖാലിദ സിയയെ ഏറെനാളായി വിവിധ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്നു. നവംബര്‍ അവസാനം മുതല്‍ കരള്‍ രോഗം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, പ്രമേഹം, ശ്വാസകോശ സംബന്ധമായ അണുബാധ എന്നിവയുള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രാദേശിക സമയം പുലര്‍ച്ചെ ആറുമണിയോടെയാണ് മരണപ്പെട്ടത്.
17 വര്‍ഷത്തെ പ്രവാസത്തിന് ശേഷം അടുത്തിടെ ബംഗ്ലാദേശില്‍ തിരിച്ചെത്തിയ മകന്‍ താരിഖ് റഹ്മാനും മറ്റു കുടുംബാംഗങ്ങളുമെല്ലാം ഖാലിദ സിയയുടെ അടുത്തുണ്ടായിരുന്നു. അവരുടെ സംസ്‌കാര പ്രാര്‍ത്ഥന, ബുധനാഴ്ച ഉച്ചകഴിഞ്ഞ് ധാക്കയിലെ നാഷണല്‍ പാര്‍ലമെന്റിന്റെ സൗത്ത് പ്ലാസയില്‍ നടക്കും. ശേഷം, ബംഗ്ലാദേശിന്റെ മുന്‍ പ്രസിഡന്റും ഭര്‍ത്താവുമായിരുന്ന സിയാവുര്‍ റഹ്മാന്റെ ശവകുടീരത്തിന് സമീപം സിയാ ഉദ്യാനില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം.
1945-ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ജല്‍പായ്ഗുരിയില്‍ (ഇന്നത്തെ പശ്ചിമബംഗാളിന്റെ ഭാഗം) ജനിച്ച ഖാലിദ സിയ, 1980-ല്‍ ഭര്‍ത്താവിന്റെ വധത്തോടെയാണ് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത്. അതുവരെ പൂര്‍ണമായും സ്വകാര്യ ജീവിതം നയിച്ചിരുന്ന അവര്‍, 1984-ല്‍ ബിഎന്‍പിയുടെ നേതൃത്വം ഏറ്റെടുത്തു. പിന്നാലെ പട്ടാള ഭരണാധികാരി ഹുസൈന്‍ മുഹമ്മദ് ഇര്‍ഷാദിന്റെ പ്രധാന എതിരാളിയായി ഉയര്‍ന്നു വന്നു. 1991-ല്‍ പാര്‍ലമെന്ററി ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടതിനെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
1996-ലും 1999-ലും ഖാലിദ സിയ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി. നാല് പാര്‍ട്ടികളുടെ സഖ്യം നയിച്ച് അവര്‍ 2001 മുതല്‍ 2006 വരെ രണ്ടാമതും അധികാരത്തിലെത്തി. പിന്നീട് വിവിധ കേസുകളില്‍ പെട്ട് ജയിലിലായ അവര്‍ 2024-ല്‍ ഹസീനയുടെ പതനത്തെത്തുടര്‍ന്നാണ് തടവില്‍നിന്ന് മോചിതയായത്. 2025-ന്റെ തുടക്കത്തില്‍ ബാക്കിയുള്ള അഴിമതി കേസുകളില്‍ നിന്ന് കുറ്റവിമുക്തയായി.
2026 ഫെബ്രുവരിയില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണം നടത്താനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു എന്നാണ് വിവരം. അവരുടെ മരണം ബംഗ്ലാദേശിന്റെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക അധ്യായത്തിന്റെ അവസാനമാണ് കുറിക്കുന്നത്. ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങില്‍ പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറും പങ്കെടുക്കുത്തേക്കും എന്നാണ് വിവരം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
