ഗള്‍ഫ് രാജ്യങ്ങളുമായി സംസാരിച്ച് എസ്.ജയശങ്കര്‍; പ്രധാനമന്ത്രി രാഷ്ട്രത്തലവന്മാരെ വിളിക്കും

സംഘര്‍ഷം രൂക്ഷമാവുകയും കൂടുതല്‍ സംഘര്‍ഷം ഉണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശിക അധികാരികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ആവശ്യമെങ്കില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അപ്‌ഡേറ്റുകള്‍ നല്‍കുന്നത് തുടരുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

author-image
Biju
New Update
jaishankar

ന്യൂഡല്‍ഹി: മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ ഇന്നലെ നിരവധി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സഹമന്ത്രിമാരുമായി ചര്‍ച്ച നടത്തി. ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും സംഘര്‍ഷം ലഘൂകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഗള്‍ഫിലെ സാഹചര്യത്തെക്കുറിച്ച് യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍-നഹ്യാനുമായി ജയശങ്കര്‍ ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രി നേരിട്ട് രാഷ്ട്രത്തലന്മാരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.

ഇസ്രായേലിലെ ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ടെല്‍ അവീവിലുള്ള ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിരുന്നു. മേഖലയിലെ നിലവിലുള്ള സുരക്ഷാ സാഹചര്യം വിലയിരുത്തുന്നുണ്ട് .

ഇസ്രായേല്‍ അധികൃതരും ഹോം ഫ്രണ്ട് കമാന്‍ഡും പുറപ്പെടുവിച്ച സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് എംബസി ആവശ്യപ്പെട്ടു. ഹോം ഫ്രണ്ട് കമാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ അപ്ഡേറ്റ് ചെയ്ത നിര്‍ദേശങ്ങള്‍ പതിവായി പരിശോധിക്കാനും നിയുക്ത ഷെല്‍ട്ടറുകള്‍ക്ക് സമീപം തുടരാനും, അവരുടെ വസതിയിലോ ജോലിസ്ഥലത്തോ ഏറ്റവും അടുത്തുള്ള സംരക്ഷിത സ്ഥലങ്ങള്‍ തേടാനും പൗരന്മാരോട് നിര്‍ദേശിച്ചു. പ്രാദേശിക വാര്‍ത്തകള്‍, ഔദ്യോഗിക പ്രഖ്യാപനങ്ങള്‍, അടിയന്തര മുന്നറിയിപ്പുകള്‍ എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും എംബസി ഇന്ത്യന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.

സംഘര്‍ഷം രൂക്ഷമാവുകയും കൂടുതല്‍ സംഘര്‍ഷം ഉണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശിക അധികാരികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ആവശ്യമെങ്കില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് അപ്‌ഡേറ്റുകള്‍ നല്‍കുന്നത് തുടരുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

അടിയന്തര സാഹചര്യങ്ങളില്‍, ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ 24x7 ഹെല്‍പ്പ്ലൈനില്‍ +972-54-7520711 എന്ന നമ്പറിലോ [cons1.telaviv@mea.gov.in] (mailto:cons1.telaviv@mea.gov.in) എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം. ഇറാനിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണമെന്നും കഴിയുന്നത്ര വീടിനുള്ളില്‍ തന്നെ തുടരണമെന്നും തെഹ്റാനിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്.