പ്രജ്വൽ രേവണ്ണ
ബെംഗളൂരു: ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗിക പീഡനക്കേസിൽ നിർണായക നിലപാടുമായി ദേശീയ വനിത കമ്മിഷൻ (എൻഎസ്‌ഡബ്ല്യു). പീഡനത്തിന് ഇരയായെന്നു വ്യാജപരാതി നൽകാൻ സമ്മർദം ചെലുത്തിയെന്ന് ഒരു സ്ത്രീ ആരോപിച്ചതായി വനിതാ കമ്മിഷൻ അവകാശപ്പെട്ടു. പ്രജ്വൽ പീഡനത്തിന് ഇരയാക്കിയെന്ന് പറയപ്പെടുന്നവരിൽനിന്ന് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും വനിതാ കമ്മിഷൻ വ്യക്തമാക്കി.
ഏകദേശം 700 ൽ അധികം സ്ത്രീകൾ പ്രജ്വലിനെതിരെ പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുയർന്ന സാഹചര്യത്തിലായിരുന്നു വനിതാ കമ്മിഷന്റെ വിശദീകരണം. എംപിക്കെതിരെ 2 ലൈംഗിക പീഡന കേസുകളും പിതാവ് എച്ച്.ഡി. രേവണ്ണ എംഎൽഎയ്‌ക്കെതിരെ തട്ടിക്കൊണ്ടു പോകൽ കേസുമാണ് ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ലൈംഗിക പീഡന വിഡിയോകൾ പ്രചരിച്ചതിനു പിന്നാലെ ജർമനിയിലേക്കു കടന്ന പ്രജ്വൽ, ലോക്സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നശേഷമേ തിരിച്ചെത്തൂ എന്നാണു വിവരം.
എന്നാൽ, വനിതാ കമ്മിഷന്റെ പ്രസ്താവന ജെഡിഎസ് ആയുധമാക്കി. ഭീഷണിപ്പെടുത്തി പരാതി നൽകിച്ചെന്നതു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കണമെന്ന ആവശ്യവുമായി മുൻ മുഖ്യമന്ത്രിയും ജെഡിഎസ് സംസ്ഥാന പ്രസിഡന്റുമായ എച്ച്.ഡി. കുമാരസ്വാമി രംഗത്തു വന്നു. കോൺഗ്രസ് സർക്കാരിന് അനുകൂലമായി മൊഴി നൽകാത്ത സ്ത്രീകൾക്കെതിരെ ലൈംഗികത്തൊഴിൽ ചെയ്തെന്ന കുറ്റം ചുമത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേസിൽ പ്രജ്വലിനെ കണ്ടെത്താൻ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
