കർഷകസമരം; ജനാധിപത്യത്തില്‍ സമാധാനപരമായ പ്രതിഷേധത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി

താങ്ങുവിലയ്ക്കു നിയമ പ്രാബല്യം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ നടത്തുന്ന സമരം ജനങ്ങള്‍ക്ക് അസൗകര്യങ്ങള്‍ സൃഷ്ടിക്കരുതെന്ന് സുപ്രീംകോടതി.

author-image
Subi
New Update
protest

ന്യൂഡല്‍ഹി: കർഷക സമരങ്ങൾ ഒരുവിധത്തിലും ജനങ്ങൾക്ക് അസൗകര്യങ്ങൾ സൃഷ്ടിക്കരുതെന്ന് സുപ്രീംകോടതി താങ്ങുവിലയ്ക്കു നിയമ പ്രാബല്യം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ നടത്തുന്ന സമരം ജനങ്ങള്‍ക്ക് അസൗകര്യങ്ങള്‍ സൃഷ്ടിക്കരുതെന്ന് സുപ്രീംകോടതി. ജനാധിപത്യത്തില്‍ സമാധാനപരമായ പ്രതിഷേധത്തിന് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. മരണം വരെ നിരാഹാര സമരം നടത്തിയ പഞ്ചാബ് കര്‍ഷക നേതാവ് ജഗ്ജിത് സിഭ് ദല്ലേവാളിനെ അനധികൃതമായി തടങ്കലില്‍വെച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. അതേസമയം കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പ്രതിഷേധം ശരിയോ തെറ്റോ എന്നു അഭിപ്രായപ്പെടുന്നില്ല എന്നും പറഞ്ഞു.

 

പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരിയില്‍ സമരം ചെയ്ത ദല്ലേവാളിനെ നവംബര്‍ 26നാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. നിരാഹാരം ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ദല്ലേവാളിനെ ബലമായി അതിര്‍ത്തിയില്‍ നിന്ന് മാറ്റി ലുധിയാനയിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. പഞ്ചാബ് പൊലീസ് അനധികൃതമായി തടങ്കലില്‍ വെച്ചത് ചോദ്യം ചെയ്തുകൊണ്ട് നവംബര്‍ 29ന് കോടതിയില്‍ഹര്‍ജി സമര്‍പ്പിച്ചു. നവംബര്‍ 30 ന് മോചിതനായ ശേഷം ദല്ലേവാള്‍ ഖനൗരി അതിര്‍ത്തിയില്‍ വീണ്ടും സമരം ചെയ്തു.

 

ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് സുരക്ഷാ സേന തടഞ്ഞതിനെത്തുടര്‍ന്ന് ഫെബ്രുവരി 13 മുതല്‍ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിര്‍ത്തികളില്‍ കര്‍ഷകര്‍ ക്യാംപ് ചെയ്യുന്നുണ്ട്. കർഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും ഫെബ്രുവരി 18ന് ശേഷം തങ്ങൾ കേന്ദ്രസര്‍ക്കാരുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുക, കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുക, കാര്‍ഷിക കടം എഴുതിത്തള്ളുക, 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പുനഃസ്ഥാപിക്കുക ,മുന്‍ സമരത്തില്‍ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങി ആവശ്യങ്ങളാണ് കർഷകർ ഉന്നയിക്കുന്നത്. അതേസമയം ഭാരതീയ കിസാന്‍ പരിഷത്തിന്റെ നേതൃത്വത്തിൽ ഉത്തര്‍പ്രദേശിലെ കര്‍ഷകരും ഡല്‍ഹിയിലേയ്ക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. ഡല്‍ഹി ചലോ മാര്‍ച്ചിനായി കര്‍ഷകര്‍ സംഘടിച്ചതോടെ ഡല്‍ഹി-നോയിഡ അതിര്‍ത്തിയില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

farmer protest