ഓപ്പറേഷന്‍ സിന്ദൂര്‍ കൊണ്ട് എന്ത് ഗുണമെന്ന് ഫാറൂഖ് അബ്ദുള്ള

ഡല്‍ഹി സ്‌ഫോടന കേസിലും ഫരീദാബാദില്‍ സ്‌ഫോടന വസ്തുക്കള്‍ പിടിച്ചെടുത്ത കേസിലും ഉള്‍പ്പെട്ട ഡോക്ടര്‍മാര്‍ എന്തുകൊണ്ട് ഈ പാത സ്വീകരിച്ചു എന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കണമെന്നും ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു

author-image
Biju
New Update
faruk

ശ്രീനഗര്‍: ഓപ്പറേഷന്‍ സിന്ദൂര്‍ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന വിവാദ പരാമര്‍ശവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള. ഡല്‍ഹി സ്‌ഫോടന കേസിലും ഫരീദാബാദില്‍ സ്‌ഫോടന വസ്തുക്കള്‍ പിടിച്ചെടുത്ത കേസിലും ഉള്‍പ്പെട്ട ഡോക്ടര്‍മാര്‍ എന്തുകൊണ്ട് ഈ പാത സ്വീകരിച്ചു എന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കണമെന്നും ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു ഓപ്പറേഷന്‍ സിന്ദൂര്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

''ഓപ്പറേഷന്‍ സിന്ദൂര്‍ കൊണ്ട് ഒരു ഗുണവും സംഭവിച്ചില്ല. നമ്മുടെ പതിനെട്ട് പേര്‍ മരിച്ചു. നമ്മുടെ അതിര്‍ത്തികളില്‍ വിട്ടുവീഴ്ച ചെയ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതാണ് ഏക മാര്‍ഗം. സുഹൃത്തുക്കളെ മാറ്റാന്‍ കഴിയും, പക്ഷേ അയല്‍ക്കാരെ മാറ്റാന്‍ കഴിയില്ലെന്ന് വാജ്പേയി പറഞ്ഞത് ഞാന്‍ ഓര്‍മിപ്പിക്കുന്നു''  അബ്ദുള്ള പറഞ്ഞു.

''ഉത്തരവാദികളായവരോട് ചോദിക്കൂ, എന്തുകൊണ്ടാണ് ഡോക്ടര്‍മാര്‍ ഈ പാത സ്വീകരിക്കേണ്ടി വന്നത്? എന്തായിരുന്നു കാരണം? ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണവും പഠനവും ആവശ്യമാണ്''  അബ്ദുള്ള പറഞ്ഞു. ശ്രീനഗറിലെ നൗഗാം പൊലീസ് സ്റ്റേഷനില്‍ സംഭവിച്ച സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ട സംഭവത്തിലും ഫാറൂഖ് അബ്ദുള്ള വിമര്‍ശനം ഉന്നയിച്ചു. സ്‌ഫോടകവസ്തുക്കള്‍ തെറ്റായി കൈകാര്യം ചെയ്തതിനായിരുന്നു വിമര്‍ശനം. 

അതിനിടെ ഫാറൂഖ് അബ്ദുള്ളക്കെതിരെ ബിജെപി രംഗത്തെത്തി. ഭീകരവാദികളോട് മൃദുസമീപനമാണ് ഫാറൂഖ് അബ്ദുള്ളക്കെന്നും ഭീകരര്‍ക്കുവേണ്ടി കണ്ണുനീര്‍ ഒഴുക്കുന്നത് അദ്ദേഹത്തിന്റെ പഴയ ശീലമാണെന്നുമാണ് ബിജെപിയുടെ ആരോപണം. നൗഗാം സ്‌ഫോടനത്തില്‍ ഊഹാപോഹങ്ങള്‍ അനാവശ്യമാണെന്നും ബിജെപി അറിയിച്ചു.