മൂന്നു കോടിയുടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ അച്ഛനെ പാമ്പിനെകൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി ;മക്കൾ അറസ്റ്റിൽ

ഗണേശന്റെ പേരില്‍ ഉയര്‍ന്ന തുകയുടെ ഒട്ടേറെ പോളിസികള്‍ എടുത്തിരുന്നതും വീട്ടുകാരുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയുമാണ് ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ക്ക് സംശയത്തിനിടയാക്കിയത്

author-image
Devina
New Update
prathikal

ചെന്നൈ: ഇന്‍ഷുറന്‍സ് തുക നേടിയെടുക്കാന്‍ അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മക്കള്‍ അറസ്റ്റില്‍.

 തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം.

തിരുവള്ളൂര്‍ പോത്താട്ടൂര്‍പേട്ടൈ സ്വദേശിയും ഗവ. സ്‌കൂളിലെ ലബോറട്ടറി അസിസ്റ്റന്റുമായി ഇപി ഗണേശ(56)നാണ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ പാമ്പ് കടിയേറ്റ് മരിച്ചത്. 

കേസില്‍ ആണ്‍മക്കളായ മോഹന്‍രാജ്(26), ഹരിഹരന്‍(27) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പാമ്പ് കടിയേറ്റ് മരിച്ചത്. വീട്ടില്‍വെച്ച് ഗണേശന് പാമ്പ് കടിയേറ്റെന്നായിരുന്നു വീട്ടുകാരുടെ മൊഴി.

 തുടര്‍ന്ന് അപകടമരണമായി പൊലീസ് കേസെടുക്കുകയുംചെയ്തു.

എന്നാല്‍, ഗണേശന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് പോളിസിയുടെ ക്ലെയിം നടപടികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് മരണത്തില്‍ സംശയമുയര്‍ന്നത്.

 

 മരണം സംഭവിച്ച സാഹചര്യങ്ങളെക്കുറിച്ചും ഇന്‍ഷുറന്‍സ് അധികൃതര്‍ക്ക് സംശയംതോന്നി. ഇതോടെ ഇന്‍ഷുറന്‍സ് കമ്പനി തമിഴ്നാട് നോര്‍ത്ത് ഐജിക്ക് പരാതി നല്‍കി.

മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. ഈ അന്വേഷണത്തിലാണ് ഇന്‍ഷുറന്‍സ് തുകയ്ക്കായി മക്കള്‍ തന്നെയാണ് ഗണേശനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത്.