/kalakaumudi/media/media_files/2025/09/12/tata-2025-09-12-15-04-57.jpeg)
ടാറ്റ ട്രസ്റ്റിലെ അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസം രൂക്ഷമെന്ന് സൂചന. ടാറ്റാ സൺസിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് ടാറ്റാ ട്രസ്റ്റ്സ് വൈസ് ചെയർമാൻ വിജയ് സിങ് രാജിവെച്ചതോടെയാണ് ഭിന്നതകൾ പുറത്തുവന്നത്. ടാറ്റാ സൺസിന്റെ നിർണായകമായ ഡയറക്ടർ ബോർഡ് യോഗത്തിന് തൊട്ടുമുമ്പുള്ള ഈ രാജി ഗ്രൂപ്പിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ വെളിവാക്കുന്നതാണ്. ട്രസ്റ്റികളുടെ പ്രതിനിധിയായി ടാറ്റാ സൺസ് ബോർഡിൽ വിജയ് സിങ് തുടരുന്ന കാര്യത്തിൽ ട്രസ്റ്റികൾക്കിടയിൽ അഭിപ്രായ ഭിന്നത ഉണ്ടായതാണ് രാജിക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. ട്രസ്റ്റികളിൽ നാലുപേർ അദ്ദേഹത്തിന്റെ കാലാവധി നീട്ടുന്നതിനെ എതിർത്തതോടെയാണ് സിങ് സ്ഥാനം ഒഴിഞ്ഞത്. ടാറ്റാ ട്രസ്റ്റുകളിലും അതുവഴി ടാറ്റാ സൺസിലും പിടിമുറുക്കാൻ ചില ട്രസ്റ്റികൾ ശ്രമിക്കുന്നുണ്ടെന്നാണ്് സൂചന.എയർലൈൻ മുതൽ വാഹന നിർമ്മാണം വരെ വ്യാപിച്ചുകിടക്കുന്ന 165 ബില്യൺ ഡോളർ മൂല്യമുള്ള ടാറ്റാ ഗ്രൂപ്പിന്റെ മാതൃസ്ഥാപനമായ ടാറ്റാ സൺസിന്റെ ഏകദേശം 52 ശതമാനം ഓഹരികളും ടാറ്റാ ട്രസ്റ്റ് ഉടമസ്ഥതയിലാണ്. ടാറ്റാ ട്രസ്റ്റ്സിന്റെ രണ്ട് പ്രധാന യൂണിറ്റുകളായ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സർ രത്തൻ ടാറ്റാ ട്രസ്റ്റും ചേർന്നാണ് 52% ഓഹരികൾ കൈവശം വെച്ചിരിക്കുന്നത്. ടാറ്റാ ട്രസ്റ്റ്സിന്റെ നോമിനി ഡയറക്ടറായതിനാൽ, ടാറ്റാ സൺസ് ഡയറക്ടർമാരെപ്പോലെ വിരമിക്കൽ പ്രായം ബാധകമല്ല. എന്നിട്ടും വിജയ് സിങ് രാജിവെച്ചത് അപ്രതീക്ഷിതമാണ്. എക്‌സിക്യൂട്ടീവ് ഡയറക്ടർമാർക്ക് 65, നോൺ-എക്‌സിക്യൂട്ടീവ് ഡയറക്ടർമാർക്ക് 70, ഇൻഡിപെൻഡന്റ് ഡയറക്ടർമാർക്ക് 75 എന്നിങ്ങനെയാണ് ടാറ്റാ സൺസിൽ നിലവിലുള്ള വിരമിക്കൽ പ്രായം.ടാറ്റാ സ്റ്റീൽ സിഇഒ ടി.വി. നരേന്ദ്രൻ ടാറ്റാ സൺസ് ബോർഡിലേക്ക്?
ടാറ്റാ സ്റ്റീലിന്റെ ഗ്ലോബൽ സിഇഒയും മാനേജിങ് ഡയറക്ടറുമായ ടി.വി. നരേന്ദ്രൻ ടാറ്റാ സൺസ് ബോർഡിൽ അംഗമായേക്കുമെന്ന് സൂചന. ടാറ്റാ ഗ്രൂപ്പിന്റെ പരമോന്നത സമിതിയിലെ ഈ മാറ്റം ടാറ്റാ സ്റ്റീലിന്റെ ടാറ്റാ സൺസിലെ സ്വാധീനം വർദ്ധിപ്പിച്ചേക്കാം. അടുത്തിടെ ടി.വി. നരേന്ദ്രൻ ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനുമായി ബോംബെ ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായ നരേന്ദ്രൻ ടാറ്റാ സ്റ്റീലിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.