ഹേമ കമ്മിറ്റി മോഡല്‍ ബംഗാളിലും വേണമെന്ന് സിനിമാ താരങ്ങള്‍

ബംഗാളി സിനിമയിലെ വനിതാ താരങ്ങളുടെ സംഘടനയായ വിമന്‍സ് ഫോറം ഫോര്‍ സ്‌ക്രീന്‍ വര്‍ക്കേഴ്‌സ് ആണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. കത്ത് താരങ്ങള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നല്‍കി.

author-image
Prana
New Update
bangal
Listen to this article
0.75x 1x 1.5x
00:00 / 00:00

മലയാള സിനിമയില്‍ പ്രവര്‍ത്തകര്‍ നേരിടുന്ന അതിക്രമങ്ങള്‍ പുറത്തുകൊണ്ടുവന്ന ഹേമ കമ്മിറ്റി മോഡല്‍ ബംഗാളിലും നടപ്പാക്കണമെന്ന് ബംഗാളി നടിമാരുടെ ആവശ്യം. ബംഗാളി സിനിമയിലെ വനിതാ താരങ്ങളുടെ സംഘടനയായ വിമന്‍സ് ഫോറം ഫോര്‍ സ്‌ക്രീന്‍ വര്‍ക്കേഴ്‌സ് ആണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് സുരക്ഷിത തൊഴിലിടം നിര്‍ബന്ധമാക്കണം, ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കണം, ഇരകള്‍ക്കും അതിജീവിച്ചവര്‍ക്കും വേണ്ടി ഹെല്‍പ്പ് ലൈന്‍ സജ്ജമാക്കണം എന്നിവയാണ് ഇവര്‍ ഉന്നയിക്കുന്ന ആവശ്യം. ഈ ആവശ്യങ്ങള്‍ ഉയര്‍ത്തിയുള്ള കത്ത് താരങ്ങള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നല്‍കി. സംഘടനയിലെ 100 ഓളം പ്രവര്‍ത്തകര്‍ ചേര്‍ന്ന് തയ്യാറാക്കിയ ആവശ്യങ്ങളാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. അപര്‍ണ സെന്‍, അനുരാധ റേ, സ്വാസ്തിക മുഖര്‍ജി, രൂപ ഗാംഗുലി, സൊഹിനി സര്‍ക്കാര്‍, തുടങ്ങിയ 100 ഓളം പേര്‍ ഒപ്പിട്ട നിവേദനമാണ് മമതാ ബാനര്‍ജിക്ക് നല്‍കിയിരിക്കുന്നത്.

മലയാള സിനിമയില്‍ നേരിടുന്ന പ്രതിസന്ധികള്‍ പഠിക്കാന്‍ നിയമിച്ച ഹേമ കമ്മിറ്റി വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി പേര്‍ തങ്ങള്‍ നേരിട്ട അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തി. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ മുന്‍നിര താരങ്ങള്‍ വരെ സിനിമയിലെ പവര്‍ ഗ്രൂപ്പിന്റെ നടപടികള്‍ക്ക് ഇരകളായതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

മാത്രമല്ല, പ്രമുഖ താരങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മലയാളത്തിലെ സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ ഭരണ സമിതി പിരിച്ചുവിടേണ്ടിവന്നു. അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരിക്കെ ലൈംഗികാരോപണം ഉയര്‍ന്നതോടെ ആദ്യം രാജിവച്ചത് നടന്‍ സിദ്ദിഖാണ്. ബലാത്സംഗക്കേസാണ് സിദ്ദിഖിനെതിരെ ചുമത്തിയിരിക്കുന്നത്. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ കേരള സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.

 

actress bangal