ആദ്യം ബാബറി മസ്ജിദ്, രണ്ടാമത് ഗ്യാൻ വാബി, പിന്നെ മഥുര, ഇപ്പോൾ സംഭാൽ:ഇനി അജ്മീർ ദർഗയോ?

അജ്മീര്‍ ദര്‍ഗ നിര്‍മ്മിച്ചത് ശിവക്ഷേത്രം പൊളിച്ചാണെന്ന വാദമാണ് ഉയര്‍ന്നത്. മുന്‍പ് സംഘട്ട്‌മോചന്‍ മഹാദേവ ക്ഷേത്രമാണ് അതിന്റെ പേരെന്നാണ് ഉയര്‍ത്തുന്ന വാദം. ഹിന്ദു സേനയാണ് ഇത്തരമൊരു വിചിത്ര വാദവുമായി രംഗത്ത് വന്നിരിക്കുന്നത്.

author-image
Rajesh T L
New Update
dimolish

അജ്മീര്‍ ദര്‍ഗ നിര്‍മ്മിച്ചത് ശിവക്ഷേത്രം പൊളിച്ചാണെന്ന വാദമാണ് ഉയര്‍ന്നത്. മുന്‍പ് സംഘട്ട്‌മോചന്‍ മഹാദേവ ക്ഷേത്രമാണ്  അതിന്റെ പേരെന്നാണ് ഉയര്‍ത്തുന്ന വാദം. ഹിന്ദു സേനയാണ്  ഇത്തരമൊരു വിചിത്ര വാദവുമായി രംഗത്ത്  വന്നിരിക്കുന്നത്. ദര്‍ഗ പൊളിച്ച് മാറ്റി പ്രദേശത്തെ ഹിന്ദു വിശ്വാസികള്‍ക്ക് ആരാധന നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് കോടതിയില്‍ ഹര്‍ജി  നല്‍കിയിരിക്കുകയാണ് ഇവര്‍. 

അജ്മീര്‍ സിവില്‍ ജഡ്ജി മന്‍മോഹല്‍ ചന്ദ്രലാണ് ഹര്‍ജി സ്വീകരിച്ചത്. തുടര്‍ന്ന് ദര്‍ഗ്ഗ കമ്മിറ്റിക്കും കേന്ദ്ര ന്യൂപക്ഷ മന്ത്രാലയത്തിനും ആര്‍ക്കിയോളജി സര്‍വേ ഒഫ്  ഇന്ത്യയ്ക്കും രാജസ്ഥാന്‍ സര്‍ക്കാരിനും  നോട്ടീസ് അയച്ചു. 

ഇനി പൊളിക്കാന്‍ പോകുന്ന ഇസ്ലാമിക ആരാധനാലയമാകുമോ അജ്മീര്‍ ദര്‍ഗ? ഇന്ത്യയുടെ മക്കയെന്നാണ്  അജ്മീര്‍ ദര്‍ഗ്ഗയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ മതേതരത്വത്തിന്റെ  ചിഹ്നം കൂടിയാണ് അജ്മീര്‍. സൂഫി  പാരമ്പര്യത്തിന്റെയും സംസ്‌ക്കാരത്തിന്റെയും നാനാത്വത്തില്‍ ഏകത്വത്തിന്റെയുമൊക്കെ പ്രതീകമായാണ്  അജ്മീര്‍ ദര്‍ഗ അറിയപ്പെടുന്നത്. 

ദര്‍ഗ എന്നാല്‍ മുസ്ലിം സന്യാസിമാരുടെ കബറിടമാണ്. അതായത്, സ്മാരകം. ഇവിടെ നാനാമതത്തില്‍ പെട്ടവര്‍ എത്തിച്ചേരുന്നൊരിടം കൂടിയാണ്. മതത്തിനും വിശ്വസത്തിനുമൊക്കെ അപ്പുറമുള്ള തീര്‍ത്ഥാടന  കേന്ദ്രങ്ങളാണ് ദര്‍ഗകൾ. 

സൂഫിവര്യനായ ഗ്വാജ മോയീനുദ്ദീന്‍ ചിസ്തിയുടെ ദര്‍ഗയാണ് അജിമീറിലുള്ളത്. പതിമൂന്നാം നൂറ്റാണ്ടിലെ സൂഫി മിസ്റ്റിക് വിശുദ്ധനും തത്ത്വചിന്തകനുമായിരുന്നു ഗ്വാജ മൊയ്നുദ്ദീന്‍ ചിഷ്തി,സഞ്ജറില്‍ അതായത്,  ഇന്നത്തെ ഇറാനിൽ  ജനിച്ച അദ്ദേഹം ദക്ഷിണേഷ്യയിലുടനീളം സഞ്ചരിച്ചു. ഒടുവില്‍ അജ്മീറില്‍ എത്തി, അതായത് ഇന്നത്തെ രാജസ്ഥാനില്‍ താമസമാക്കി. അവിടെ അദ്ദേഹം 1236-ല്‍ അന്തരിച്ചു.അന്നത്തെ  നിരവധി ഭരണാധികാരികള്‍ ചേര്‍ന്നാണ് ഈ ദര്‍ഗ  പിന്നീട് വിപുലീകരിച്ചത്.അതിൽ പ്രധാനിയാണ് 1332 ല്‍ ദില്ലി സുല്‍ത്താനായിരുന്ന   മുഹമ്മദ് ബിന്‍ തുഗ്ലക്ക്. 

റജബ് മാസത്തിലാണ് പത്ത് ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുന്ന ലോകത്തിലെ വിവിധ ഭാഗങ്ങളില്‍  നിന്നും ആളുകള്‍ എത്തിച്ചേരുന്ന അജ്മീറിലേ ഉറൂസ് നടക്കുന്നത്. ഇന്ത്യയുടെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ് അജ്മീറിലെ ഉറൂസ്. 

നമ്മുടെസംസ്‌കാരത്തിന്റെ,മതനിരപേക്ഷയുടെ ചിഹ്നം കൂടിയാണ് ഈ ദര്‍ഗകളെയാണ് ശിവക്ഷേത്രം നിലനിന്നിരുന്നു എന്നവകാശപ്പെട്ട് പൊളിച്ചു മാറ്റാന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

2007 ഒക്ടോബര്‍ 11-ന് ഒരു റംസാന്‍ മാസത്തില്‍ നോമ്പ് തുറ സമയത്ത് അജ്മീര്‍ ദര്‍ഗയിൽ ഒരു  സ്‌ഫോടനമുണ്ടായി. അതില്‍ മൂന്ന്  പേര്‍  മരിക്കുകയും 30ഓളം  പേര്‍ക്ക് പരിക്കേല്‍ക്കുകയും  ചെയ്തു. ആ  കേസില്‍ പതിനൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷം കോഴികോട് സ്വദേശിയായ സുരേഷ് നായര്‍ എന്ന മലയാളി ഉള്‍പ്പെടെ അറസ്സ്റ്റിലായി. സ്‌ഫോടനത്തിന് ഉപയോഗിച്ച ബോംബ് എത്തിച്ചത് ഇയാളായിരുന്നു എന്ന്  ചൂണ്ടിക്കാണിച്ചാണ് അറസ്റ്റുചെയ്തത്.

ജന്മം കൊണ്ടു മലയാളിയായ സുരേഷ് ഗുജറാത്തിലാണ് വളര്‍ന്നത്. ആര്‍എസ്എസില്‍ ചേര്‍ന്ന സുരേഷ്  ഗുജറാത്തിലെ ഖേഡാ ജില്ലയിലെ ആര്‍എസ്എസ് കാര്യവാഹകനായി.അച്ഛന്റെ മരണ ശേഷം സുരേഷ് അമ്മയ്ക്കൊപ്പം ഗുജറാത്തിലെ വഡോദരയിലേക്ക് താമസം മാറുകയും ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ  സരസ്വതി മന്ദിറില്‍ അധ്യാപകനുമായി. ഇതിനിടയിലാണ് തീവ്രവാദ പ്രവര്‍ത്തങ്ങളുടെ  ഭാഗമായി  സുരേഷ് മാറിയതെന്നാണ് ഗുജറാത്ത് പോലീസ് പറയുന്നത്

ഈ സ്‌ഫോടനത്തെക്കുറിച്ച്  ആദ്യം  അന്വേഷിച്ച രാജസ്ഥാന്‍  ഭീകര വിരുദ്ധ സേനയുടെ  പ്രാഥമിക  നിഗമനം  ഈ കൃത്യത്തിനു  പിന്നില്‍ ഹര്‍ഖാത്തുല്‍ ജിഹാദി ഇസ്ലാമി  എന്ന മുസ്ലിം ജിഹാദി  സംഘടന ആണെന്നായിരുന്നു. പിന്നീട് സിബിഐ  അന്വേഷിച്ചപ്പോള്‍ ആണ് ഇതിനു പിന്നില്‍ ഹിന്ദു  ഭീകര സംഘടനകള്‍ ആണെന്ന്  കണ്ടെത്തിയത്.

durga Rajasthan