/kalakaumudi/media/media_files/2025/08/10/train-2025-08-10-11-59-37.jpg)
ശ്രീനഗര്‍ : ജമ്മുകശ്മീരിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ചരക്ക് തീവണ്ടി താഴ്വരയിലെത്തി. മേഖലയിലേക്ക് ആദ്യമായി എത്തിയ ചരക്ക് തീവണ്ടിയെ സ്വാഗതം ചെയ്യാന്‍ അനന്ത്‌നാഗ് റെയില്‍വേ സ്റ്റേഷനില്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരുന്നത്. മോദി സര്‍ക്കാരിനെ നന്ദി അറിയിച്ചുകൊണ്ട് മേഖലയിലെ കര്‍ഷകര്‍ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു.
കശ്മീര്‍ മേഖലയെ ദേശീയ ചരക്ക് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതില്‍ ഇത് ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. പഞ്ചാബില്‍ നിന്ന് പുതുതായി കമ്മീഷന്‍ ചെയ്ത അനന്ത്‌നാഗ് ഗുഡ്സ് ട്രെയിന്‍ ആണ് കശ്മീരില്‍ ആദ്യമായി എത്തിയത്. മേഖലയിലെ പഴക്കര്‍ഷകര്‍ക്ക് ഏറെ ഗുണകരമാകുന്ന സേവനമാണ് ചരക്ക് തീവണ്ടി എത്തിയതിലൂടെ ഉണ്ടാകുന്നത്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ രാജ്യത്തിന്റെ മറ്റു മേഖലകളിലേക്ക് എത്തിക്കാന്‍ കര്‍ഷകരെ ഈ ചരക്ക് ഗതാഗതം സഹായിക്കും.
പഞ്ചാബില്‍ നിന്ന് ഏകദേശം 600 കിലോമീറ്റര്‍ ദൂരം 18 മണിക്കൂറില്‍ പൂര്‍ത്തിയാക്കിയാണ് അനന്ത്നാഗ് ഗുഡ്സ് ട്രെയിന്‍ കശ്മീരില്‍ എത്തിയത്. രൂപ്നഗറില്‍ നിന്ന് 21 വാഗണ്‍ സിമന്റ് വഹിച്ചുകൊണ്ട് ആയിരുന്നു ട്രെയിന്‍ അനന്ത്‌നാഗ് ഗുഡ്‌സ് ഷെഡില്‍ എത്തിയത്. നിര്‍മ്മാണ പദ്ധതികളെ വേഗത്തിലാക്കാനും കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്താനും ചരക്ക് തീവണ്ടി കശ്മീരിന് ഏറെ ഗുണകരമാകും. ജമ്മു കശ്മീരിലെ വാണിജ്യത്തിനും കണക്റ്റിവിറ്റിക്കും ഒരു മികച്ച ദിനം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നേട്ടത്തെ വിശേഷിപ്പിച്ചത്. ഇത് പുരോഗതിയും സമൃദ്ധിയും വര്‍ദ്ധിപ്പിക്കും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.