ഇന്ത്യയുടെ സ്വന്തം 'പിനാക' വാങ്ങാനൊരുങ്ങി 3 രാജ്യങ്ങള്‍ കൂടി

സൗദി അറേബ്യ, വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് പിനാക എംബിആര്‍എല്‍ വാങ്ങാനായുള്ള താല്പര്യം ഇന്ത്യയെ അറിയിച്ചിരിക്കുന്നത്. പിനാക നിര്‍മ്മിക്കുന്ന കമ്പനിയായ സോളാര്‍ ഇന്‍ഡസ്ട്രിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിരമിച്ച മേജര്‍ ജനറല്‍ ബി ആര്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

author-image
Biju
New Update
pinaka

ന്യൂഡല്‍ഹി : ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ തദ്ദേശീയ ആയുധങ്ങള്‍ കാഴ്ചവച്ച മികച്ച പ്രകടനം ലോകരാജ്യങ്ങളെ ആകര്‍ഷിച്ചിരിക്കുകയാണ്. നേരത്തെ ഇന്ത്യയുടെ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് മിസൈലുകള്‍ വാങ്ങാന്‍ ബ്രസീല്‍ താല്‍പര്യം അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ നിര്‍മ്മിത റോക്കറ്റ് ലോഞ്ചറുകള്‍ ആയ 'പിനാക' വാങ്ങുന്നതിനായുള്ള താല്പര്യം അറിയിച്ചിരിക്കുകയാണ് സൗദി അറേബ്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങള്‍. 'പിനാക' റോക്കറ്റ് ലോഞ്ചറുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഫ്രാന്‍സും ഇന്ത്യയും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടയാണ് പുതിയ മൂന്ന് രാജ്യങ്ങള്‍ കൂടി ഇക്കാര്യത്തില്‍ താല്പര്യം അറിയിച്ചിരിക്കുന്നത്.

സൗദി അറേബ്യ, വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് പിനാക എംബിആര്‍എല്‍ വാങ്ങാനായുള്ള താല്പര്യം ഇന്ത്യയെ അറിയിച്ചിരിക്കുന്നത്. പിനാക നിര്‍മ്മിക്കുന്ന കമ്പനിയായ സോളാര്‍ ഇന്‍ഡസ്ട്രിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിരമിച്ച മേജര്‍ ജനറല്‍ ബി ആര്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശിവന്റെ വില്ലായ പിനാകയുടെ പേരിലാണ് ഇന്ത്യയുടെ ഈ അഭിമാന റോക്കറ്റ് ലോഞ്ചര്‍ അറിയപ്പെടുന്നത്. 44 സെക്കന്‍ഡിനുള്ളില്‍ 12 റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ കഴിവുള്ളവയാണ് പിനാക റോക്കറ്റ് ലോഞ്ചറുകള്‍.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച മള്‍ട്ടിബാരല്‍ റോക്കറ്റ് സിസ്റ്റമാണ് പിനാക. MK-1, MK-2, MK-3 എന്നീ മൂന്ന് വകഭേദങ്ങള്‍ ആയിട്ടാണ് പിനാക വികസിപ്പിച്ചെടുത്തിട്ടുള്ളത്. 75 കിലോമീറ്റര്‍ ദൂരപരിധിയാണ് പിനാകയ്ക്കുള്ളത്. തദ്ദേശീയ പ്രതിരോധ ഉപകരണങ്ങളുടെ വികസനത്തിനും നിര്‍മ്മാണത്തിനുമുള്ള വ്യാവസായിക അടിത്തറ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമായി പിനാക്ക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചര്‍, ബാറ്ററി കമാന്‍ഡ് പോസ്റ്റ് എന്നിവയ്ക്കായി NIBE ലിമിറ്റഡുമായി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (DRDO) അടുത്തിടെ ഒരു ലൈസന്‍സിംഗ് കരാറില്‍ ഒപ്പുവച്ചിരുന്നു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശന വേളയില്‍ പിനാക റോക്കറ്റ് ലോഞ്ചറുകള്‍ വാങ്ങുന്നതിനായി ഫ്രാന്‍സും താല്പര്യമറിയിച്ചിരുന്നു.

 

Pinaka Rocket Launcher