first session of 18th lok sabha to begin on june 24
ന്യൂഡൽഹി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24ന് ആരംഭിക്കും. ജൂലൈ മൂന്ന് വരെയാണ് സമ്മേളനം.അതേസമയം രാജ്യസഭ സമ്മേളനം ജൂൺ 27 മുതൽ ജൂലൈ മൂന്ന് വരെ നടക്കും.ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കർ തെരഞ്ഞെടുപ്പ് എന്നിവ നടക്കും. ജൂൺ 24 ന് രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെൻറിനെ അഭിസംബോധന ചെയ്യും.
അതിനിടെ മന്ത്രി പദവികളിലേക്ക് സത്യപ്രതിജ്ഞ ചെയ്തവർ ഓഫീസുകളിലെത്തി അധികാരമേറ്റെടുത്തു. ഇന്ന് നിർമല സീതാരാമൻ ധനകാര്യ മന്ത്രിയായും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായി നിതിൻ ഗഡ‍്കരിയും ചുമതലയേറ്റു.
ഉപരിതല ഗതാഗത വകുപ്പിൻറെ ചുമതല തന്നെ വീണ്ടും നൽകിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയെന്ന് നിതിൻ ഗഡ്‌കരി അറിയിച്ചു.മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് ലോക്‌സഭയുടെ ആദ്യ സമ്മേളനം വിളിച്ചത്.