five engineering students died in car lorry collision on chennai tirupati highway
ചെന്നൈ: തമിഴ്നാട് തിരുവള്ളൂരിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച്എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.ഞായറാഴ്ച വൈകിട്ടോടെ തിരുട്ടാണിയിലാണ് അപകടം. ആന്ധ്രാ സ്വദേശികളായ കുർദാൻ, യുകേഷ്, നിതീഷ്, നിതീഷ് വർമ, രാംകോമൻ എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചൈതന്യ, വിഷ്ണു എന്നിവർ ഗുരുതര പരിക്കുകളോടെ തിരുവള്ളൂർ സർക്കാർ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ചെന്നൈ എസ്ആർഎം കോളേജിലെ എഞ്ചിനീയറിങ് വിദ്യാർത്ഥികളാണ് ഇവർ.
ചെന്നൈയിൽനിന്ന് 65 കിലോമീറ്റർ അകലെയുള്ള തിരുവള്ളൂർ ജില്ലയിലെ തിരുട്ടാണിയിൽ രാമഞ്ചേരിക്കടുത്ത് ഞായറാഴ്ച വൈകിട്ടോടെയാണ് അപകടം. ചെന്നൈ - തിരുപ്പതി ദേശീയപാതയിൽ വച്ച് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ കണ്ടെയ്‌നർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഏഴു വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. അഞ്ച് പേരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.
അപകടം നടന്ന ഉടൻ സമീപവാസികൾ ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അവധിക്ക് ശേഷം ചെന്നൈയിലെ കോളേജിലേക്ക് തിരികെ വരുന്നതിനിടെയായിരുന്നു അപകടം. അമിത വേഗത്തെ തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ ട്രക്കിലിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് ചെന്നൈ- തിരുപ്പതി ദേശീയപാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. സംഭവത്തിൽ തിരുട്ടാണി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.