ഡല്‍ഹിയില്‍ പെരുമഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ശക്തമായ മഴ തുടരുന്നത് വിമാന സര്‍വീസുകളെ ബാധിച്ചേക്കാമെന്നും ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് യാത്രചെയ്യേണ്ടവര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുന്‍പ് ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

author-image
Biju
New Update
rain

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തും സമീപപ്രദേശങ്ങളിലും കനത്തമഴ. ചൊവ്വാഴ്ചയാണ് ഡല്‍ഹിയില്‍ ശക്തമായ മഴപെയ്തത്. കനത്തമഴയെത്തുടര്‍ന്ന് നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ടുകളുണ്ടായി. ചൊവ്വാഴ്ച രാവിലെ മുതല്‍ തുടരുന്ന മഴ വിമാനസര്‍വീസുകളെ ബാധിച്ചുയ അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

ശക്തമായ മഴ തുടരുന്നത് വിമാന സര്‍വീസുകളെ ബാധിച്ചേക്കാമെന്നും ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് യാത്രചെയ്യേണ്ടവര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുന്‍പ് ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. മഴ കാരണം റോഡില്‍ ഗതാഗതതടസ്സമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ അതനുസരിച്ച് യാത്ര ആസൂത്രണംചെയ്യണമെന്ന് ഇന്‍ഡിഗോയും നിര്‍ദേശം നല്‍കി. പ്രതികൂല കാലാവസ്ഥ കാരണം ഡല്‍ഹിയില്‍ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങള്‍ വൈകിയേക്കാമെന്നും യാത്രക്കാര്‍ ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും സ്പൈസ് ജെറ്റും അറിയിച്ചു.

കഴിഞ്ഞദിവസങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെട്ടിരുന്ന ഡല്‍ഹിയില്‍ ചൊവ്വാഴ്ച പെയ്ത മഴയെത്തുടര്‍ന്ന് താപനില കുറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച 37.5 ഡിഗ്രി സെല്‍ഷ്യല്‍സായിരുന്നു ഡല്‍ഹിയിലെ ഏറ്റവും ഉയര്‍ന്ന താപനില. ചൊവ്വാഴ്ച ഇത് 35 ഡിഗ്രി സെല്‍ഷ്യസായി. ഏറ്റവും കുറഞ്ഞ താപനില 28.7 ഡിഗ്രി സെല്‍ഷ്യസാണ്. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെ വായുനിലവാര സൂചിക 114 ആണ്. അതേസമയം, മഴ ശക്തമാകുന്നത് ദുര്‍ഗാപൂജ ആഘോഷങ്ങളെ ബാധിക്കുമോയെന്നും ആശങ്കയുണ്ട്.

ഡല്‍ഹിക്ക് പുറമേ ഹരിയാനയിലെ സോനിപത്, ഛര്‍ഖി ദാദ്രി, ഫറൂഖ്‌നഗര്‍, സോഹ്നാ, രേവാരി, നൂഹ് എന്നിവിടങ്ങളിലും ഉത്തര്‍പ്രദേശിലെ നോയിഡ, സകോഡി ടണ്ട എന്നിവിടങ്ങളിലും ചൊവ്വാഴ്ച മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

delhi