ന്യൂഡല്‍ഹി: ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ ബിജെപിയില്‍ കലഹം രൂക്ഷം. എംഎല്‍എയടക്കം അഞ്ച് നേതാക്കള്‍ പാര്‍ട്ടി വിട്ടു. ബിജെപിയില്‍ കൂട്ടരാജി തുടരുമെന്നാണ് സൂചന. ലക്ഷ്മണ്‍ദാസ് നാപ്പ എം.എല്‍.എ.യാണ് രാജിവച്ചവരില്‍ പ്രമുഖന്‍. ലക്ഷ്മണ്‍ദാസ് നാപ്പ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
67 സ്ഥാനാര്‍ഥികളുടെ പേരുകളടങ്ങിയ ആദ്യഘട്ടം സ്ഥാനാര്‍ഥിപ്പട്ടിക ബുധനാഴ്ച വൈകിട്ടോടെയായിരുന്നു ബി.ജെ.പി. പുറത്തുവിട്ടത്. ഇതോടെ സീറ്റുലഭിക്കാത്ത മുതിര്‍ന്ന നേതാക്കളടക്കം കലഹക്കൊടി ഉയര്‍ത്തി. മുന്‍ എം.പി. സുനിതാ ദുഗ്ഗലിന് തന്റെ മണ്ഡലമായ രതിയയില്‍ സ്ഥാനാര്‍ഥിത്വം നല്‍കിയതോടെയാണ് നാപ്പ പ്രതിഷേധമുയര്‍ത്തിയത്.
ഇന്ദ്രി, ബവാനി ഖേര, ഉഖ്ലാന, റാണിയ, സോനിപ്പത്ത് തുടങ്ങിയ മണ്ഡലങ്ങളിലും തര്‍ക്കമുയര്‍ന്നിട്ടുണ്ട്. ഇന്ദ്രി മണ്ഡലത്തില്‍ രാംകുമാര്‍ കാശ്യപിന് ടിക്കറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് ഒ.ബി.സി. മോര്‍ച്ചാ നേതാവും മുന്‍ മന്ത്രിയുമായ കര്‍ണദേവ് കാംബോജ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. ബവാനി ഖേര മണ്ഡലത്തില്‍ കപൂര്‍ വത്മീകിക്ക് സീറ്റുനല്‍കിയതില്‍ പ്രതിഷേധിച്ച് കിസാന്‍ മോര്‍ച്ച അധ്യക്ഷസ്ഥാനവും പാര്‍ട്ടി അംഗത്വവും സുഖ്വിന്ദര്‍ ഷെരോണ്‍ രാജിവച്ചു. ഉഖ്ലാന മണ്ഡലത്തില്‍ അനൂപ് ധനകിനെ രംഗത്തിറക്കിയതില്‍ ഇടഞ്ഞ് മുതിര്‍ന്ന നേതാവ് ഷംഷേര്‍ ഗില്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചു. സോനിപ്പത്ത് മണ്ഡലത്തില്‍ നിഖില്‍ മദനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പി.യുടെ യുവനേതാവ് അമിത് ജയിന്‍ പാര്‍ട്ടിവിട്ടു.
മുഖ്യമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവ് രാജീവ് ജയിനും മുന്‍ കാബിനറ്റ് മന്ത്രി കവിതാ ജയിനും കലഹത്തിലാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുയായികളുടെയും യോഗം വിളിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്. യോഗത്തില്‍ ഹരിയാന മുന്‍മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍, സ്ഥാനാര്‍ഥി നിഖില്‍ മദന്‍ എന്നിവര്‍ക്കെതിരേ മുദ്രാവാക്യമുയര്‍ത്തി. സെപ്റ്റംബര്‍ 8-ന് വീണ്ടും പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. റാണിയ സീറ്റില്‍ ഷീഷ്പാല്‍ കംബോജാണ് സ്ഥാനാര്‍ഥി. രഞ്ജിത് സിങ് ചൗട്ടാലയാണ് ഒഴിവാക്കപ്പെട്ടത്.