/kalakaumudi/media/media_files/2025/08/09/sing-2025-08-09-13-29-05.jpg)
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് അഞ്ച് പാക്ക് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവും തകര്‍ത്തെന്ന് സ്ഥിരീകരിച്ച് വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ എ.പി.സിങ്. ഇതാദ്യമായാണ് ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വ്യോമസേനാ മേധാവി പ്രതികരിക്കുന്നത്. എസ്400 പ്രതിരോധ സംവിധാനം യുദ്ധവിമാനങ്ങളെ തകര്‍ക്കുന്നതില്‍ വലിയ പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യത്തോട് ചെയ്തതിനു തിരിച്ചടിയായി പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ സൈന്യം ആക്രമിച്ചതായി വ്യോമസേനാ മേധാവി പറഞ്ഞു. പാക്കിസ്ഥാന്‍ അവരുടെ ഡ്രോണുകള്‍ അടക്കം തിരിച്ചടിക്ക് ഉപയോഗിച്ചു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും ബെംഗളൂരുവിലെ ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി മേയ് 7നാണ് പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചത്. 9 ഭീകര കേന്ദ്രങ്ങള്‍ പുലര്‍ച്ചെയുള്ള ആക്രമണത്തില്‍ തകര്‍ത്തു. 25 മിനിറ്റില്‍ 24 ആക്രമണങ്ങളാണ് സൈന്യം നടത്തിയത്. പിറ്റേന്ന് 15 ഇന്ത്യന്‍ നഗരങ്ങളെ ലക്ഷ്യമിട്ട് പാക്ക് ആക്രമണമുണ്ടായി. ഇന്ത്യ കനത്ത തിരിച്ചടി നല്‍കി. പാക്കിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളില്‍ വലിയ നാശനഷ്ടമുണ്ടായി.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ മലയാളി ഉള്‍പ്പെടെ 27 പേരാണ് കൊല്ലപ്പെട്ടത്. കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും യുഎഇ, നേപ്പാള്‍ സ്വദേശികളും കൊല്ലപ്പെട്ടു. 20 പേര്‍ക്കു പരുക്കേറ്റു. പഹല്‍ഗാമിലെ ബൈസരണ്‍ താഴ്വരയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്