five tamils are dead in kuwait fire incident says tamil nadu minister ks masthan
ചെന്നൈ: കുവൈത്തിലെ മൻഗഫിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് തമിഴ്നാട് സ്വദേശികൾ മരിച്ചതായി സംസ്ഥാന ന്യൂനപക്ഷ, പ്രവാസിക്ഷേമ മന്ത്രി കെ.എസ്. മസ്താൻ പറഞ്ഞു.തഞ്ചാവൂർ, രാമനാഥപുരം, വില്ലുപുരം സ്വദേശികളായ രാമ കറുപ്പൻ, വീരസാമി മാരിയപ്പൻ, ചിന്നദുരൈ കൃഷ്ണമൂർത്തി, മുഹമ്മദ് ഷെരീഫ്, ഗുനാഫ് റിച്ചാർഡ് റായ് എന്നിവരാണ് മരിച്ചത്.
ഇന്ത്യൻ എംബസിയിൽ നിന്ന് ഔദ്യോഗികമായി വിവരങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ,കുവൈറ്റിലെ തമിഴ് സംഘടനകളാണ് മരിച്ചവരുടെ വിവരങ്ങൾ കൈമാറിയത്. വിദേശത്തെ തമിഴ് സംഘടനകൾ നൽകിയ വിവരങ്ങൾ പ്രകാരം മരിച്ചവരെ തിരിച്ചറിയാൻ കാലതാമസം വരുമെന്നും മന്ത്രി വ്യക്തമാക്കി.
ഔദ്യോഗിക അറിയിപ്പ് ലഭിച്ചാലുടൻ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.