/kalakaumudi/media/media_files/2025/08/07/uthara-rescue-2025-08-07-10-34-14.jpg)
ഉത്തരകാശി : ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ കെടാവര്‍ നായകളെ എത്തിക്കാനാണ് നീക്കം. 60 ലധികം പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായാണ് നിഗമനം. മലയാളികളായ 28 പേര്‍ സ്ഥലത്ത് കുടുങ്ങിയിട്ടുണ്ട്. ഇവരെ എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമം നടത്തും. 28 പേരും ഗംഗോത്രിയിലെ ക്യാമ്പിലാണ്. ഉത്തരകാശിയിലെ 12 ഗ്രാമങ്ങളാണ് നിലവില്‍ ഒറ്റപ്പെട്ടിരിക്കുന്നത്.
കാലാവസ്ഥ മോശമായതും ദുരന്ത ബാധിത പ്രദേശത്തേക്ക് എത്തിപ്പെടുന്നതിലെ ബുദ്ധിമുട്ടും രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ വ്യോമമാര്‍ഗം ഇവിടേക്ക് എത്തിക്കാനുളള ശ്രമത്തിലാണ് സര്‍ക്കാര്‍. ഉത്തരകാശിയില്‍ നിന്നും ഗംഗോത്രിയിലേക്കുള്ള ദേശീയപാത പലയിടത്തും തകര്‍ന്നിരിക്കുകയാണ്. നിലവില്‍ എന്‍ഡിആര്‍എഫിന്റെ മൂന്ന് പുതിയ സംഘത്തെ കൂടി ഇവിടേക്ക് എത്തിക്കാനായി. ധരാലി ഗ്രാമത്തില്‍ കെട്ടിടങ്ങള്‍ അടക്കം മണ്ണിടിഞ്ഞ് മൂടിയിരിക്കുകയാണ്.
ഇവിടെ തെരച്ചില്‍ നടത്താന്‍ കൂടുതല്‍ യന്ത്രസാമഗ്രികള്‍ ഇവിടേക്ക് കൊണ്ടുവരണം. ഗ്രാമത്തില്‍ നിന്ന് കണ്ടെത്തിയവരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി. കുടുങ്ങിയ പോയ ഹര്‍ഷില്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ കണ്ടെത്തി. ഹര്‍ഷില്‍ ആര്‍മി ക്യാമ്പിലും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാണാതായ 9 സൈനികരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. ദുരന്തസ്ഥലത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണ്ണമായി താറുമാറായി. ഇതിനാല്‍ രക്ഷപ്രവര്‍ത്തകര്‍ക്ക് ആശയവിനിമയത്തിന് സാറ്റ്‌ലൈറ്റ് ഫോണ്‍ നല്‍കി.മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. മണ്ണിടിഞ്ഞ് ഹരിദ്വാര്‍ ഡെറാഡൂണ്‍ റെയില്‍പാതയിലും ബദ്രിനാഥഅ ദേശീയപാതയിലും ഗതാഗതം തടസപ്പെട്ടു. ഇതിനിടെ ഹിമാചലിലെ കിനൌറിലും മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് പ്രളയസാഹചര്യമാണ് നിലവിലുളളത്.