വിമാന ടിക്കറ്റ് റീഫണ്ട് നിയമങ്ങളില്‍ വമ്പന്‍ മാറ്റവുമായി ഡിജിസിഎ; അവസാന നിമിഷത്തില്‍ റദ്ദാക്കിയാല്‍ പോലും 80% റീഫണ്ട്

മെഡിക്കല്‍ അടിയന്തരാവസ്ഥ കാരണം ഒരു യാത്രക്കാരന് ടിക്കറ്റ് റദ്ദാക്കേണ്ടിവന്നാല്‍, എയര്‍ലൈന്‍ മുഴുവന്‍ തുകയും തിരികെ നല്‍കണം അല്ലെങ്കില്‍ ക്രെഡിറ്റ് നോട്ട് നല്‍കണമെന്നാണ് പുതിയ കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നത്.

author-image
Biju
New Update
vimanam

ന്യൂഡല്‍ഹി : വിമാന ടിക്കറ്റ് റീഫണ്ട് നിയമങ്ങളില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ). വിമാന ടിക്കറ്റ് റീഫണ്ടുകളും ടിക്കറ്റ് ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ നിരവധി മാറ്റങ്ങളാണ് വരുന്നത്. 

മെഡിക്കല്‍ അടിയന്തരാവസ്ഥ കാരണം ഒരു യാത്രക്കാരന് ടിക്കറ്റ് റദ്ദാക്കേണ്ടിവന്നാല്‍, എയര്‍ലൈന്‍ മുഴുവന്‍ തുകയും തിരികെ നല്‍കണം അല്ലെങ്കില്‍ ക്രെഡിറ്റ് നോട്ട് നല്‍കണമെന്നാണ് പുതിയ കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നത്.

പുതിയ മാറ്റങ്ങള്‍ പ്രകാരം ടിക്കറ്റുകളില്‍ ഇന്‍ഷുറന്‍സ് ചേര്‍ത്തിട്ടുണ്ടെങ്കില്‍, വിമാനയാത്രയ്ക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് റദ്ദാക്കിയാല്‍ പോലും 80% വരെ റീഫണ്ട് ലഭിക്കുന്നതാണ്. ട്രാവല്‍ ഏജന്റുമാര്‍ വഴി വാങ്ങിയ ടിക്കറ്റുകളുടെ റീഫണ്ട് ഇനി എയര്‍ലൈനിന്റെ ഉത്തരവാദിത്തമായിരിക്കും. അതായത് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴിയോ ഏജന്റുമാര്‍ വഴിയോ വാങ്ങിയ ടിക്കറ്റുകള്‍ക്ക് പോലും റീഫണ്ട് നല്‍കേണ്ടത് എയര്‍ലൈന്‍ ആയിരിക്കും. ഇതിനായി 21 പ്രവൃത്തി ദിവസത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.

2025 നവംബര്‍ 30 വരെ കരട് നിയമങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഡിജിസിഎ സമയം നല്‍കിയിട്ടുണ്ട്. നേരത്തെ ടിക്കറ്റ് മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് പുറപ്പെടുന്നതിന് കുറഞ്ഞത് അഞ്ച് ദിവസം മുമ്പും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് പുറപ്പെടുന്നതിന് 15 ദിവസം മുമ്പും എന്ന പരിധിയായിരുന്നു ഉണ്ടായിരുന്നത്. 

എന്നാല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ 48 മണിക്കൂറിനുള്ളില്‍ യാത്രക്കാര്‍ക്ക് സൗജന്യ ടിക്കറ്റ് മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. വികലാംഗ യാത്രക്കാര്‍ക്കുള്ള യാത്രാ മാനദണ്ഡങ്ങളും ഡിജിസിഎ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. 

വികലാംഗ യാത്രക്കാര്‍ക്ക് മാത്രമേ വീല്‍ചെയറുകള്‍ ഇനി മുന്‍ഗണന നല്‍കൂ. വീല്‍ചെയറുകള്‍ ഉപയോഗിക്കുന്നതിന് ശാരീരിക ശേഷിയുള്ള യാത്രക്കാരില്‍ നിന്ന് നിരക്ക് ഈടാക്കും. വികലാംഗ യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങള്‍ വ്യക്തമായ അടയാളങ്ങള്‍, പ്രത്യേക ഡ്രോപ്പ്-ഓഫ് സോണുകള്‍, മതിയായ സ്റ്റാഫ് എന്നിവ ഉറപ്പാക്കണം എന്നും പുതിയ നിയമങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.