ഫെന്‍ജാല്‍ ചുഴലിക്കാറ്റ് വലിയ നാശനഷ്ടമാണ് തമിഴ്‌നാട്ടില്‍ വിതച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ്,ചെന്നൈ ഉള്‍പ്പെടെയുള്ള തമിഴ്നാടിന്റെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് കാരണമായി. കൊടുങ്കാറ്റ് തീരം പിന്നിട്ടെങ്കിലും കനത്ത മഴയാണ് സംസ്ഥാനത്ത് പെയ്തിറങ്ങിയത്. ഇത് പല ജില്ലകളിലും വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്.
ശക്തമായ മഴയില്‍ വില്ലുപുരം ജില്ല വെള്ളത്തിനടിയിലായി. വില്ലുപുരം ജില്ലയില്‍ 51 സെന്റീമീറ്റര്‍ മഴയാണ് പെയ്തത്. ജില്ലയിലെ മൈലത്താണ് ഇത്രയും മഴ ലഭിച്ചത്. മരക്കാനം, തിണ്ടിവനം തുടങ്ങി വില്ലുപുരം ജില്ലയില്‍ പലയിടവും വെള്ളക്കെട്ടിന്റെ പിടിയിലാണ്.ജില്ലയില്‍ താമസിക്കുന്ന ജനങ്ങള്‍ ഏറെ ദുരിതം അനുഭവിക്കുകയാണ്. അതിനിടെ, പ്രളയക്കെടുതി പരിശോധിക്കാനെത്തിയ മന്ത്രി പൊന്‍മുടിക്കും മകനും മുന്‍ എംപിയുമായ ഗൗതം ചിക്കാമണിക്കും കലക്ടര്‍ പളനിക്കും നേരെ ആളുകള്‍ ചെളി വാരിയെറിഞ്ഞു.പ്രളയബാധിത പ്രദേശമായ ഇരുവേല്‍പട്ടില്‍ ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു. പിന്നാലെയാണ് മന്ത്രി പൊന്മുടി വെള്ളപ്പൊക്ക മേഖലകള്‍ നിരീക്ഷിക്കാനും ജനങ്ങളുമായി ആശയവിനിമയം നടത്താനും എത്തിയത്.
മന്ത്രി എത്തിയതോടെ ജനങ്ങളുടെ പ്രതിഷേധം ശക്തമായി. ഒപ്പം ഇവര്‍ക്കു നേരെ ചെളിവാരിയെറിയുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് മന്ത്രിയെയും സംഘത്തിനെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.വില്ലുപുരം ജില്ലയില്‍ ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും പോലീസും അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. വെള്ളപ്പൊക്ക ബാധിത മേഖലയില്‍ താമസിക്കുന്നവരെ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
ചെന്നൈയില്‍ മാത്രമാണ് തമിഴ്നാട് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റ് ജില്ലകളെ സര്‍ക്കാര്‍ അവഗണിച്ചതാണ് പ്രളയത്തിന് കാരണമെന്നുമാണ് ജനങ്ങളുടെ ആരോപണം.ചെന്നൈ നഗരത്തില്‍ മഴക്കെടുതി തുടരുന്നു. ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ് നഗരം. ചൊവ്വാഴ്ചയും തമിഴ്‌നാട്ടില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ദേശീയപാതയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടു. പ്രളയത്തെ തുടര്‍ന്ന് പല ട്രെയിനുകളും വഴിതിരിച്ചുവിട്ടു. ചില സര്‍വീസുകള്‍ റദ്ദാക്കി.
ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 21 പേരാണ് മരിച്ചത്. തിരുവണ്ണാമലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി. സേലത്തെ വിനോദസഞ്ചാര കേന്ദ്രമായ യേര്‍ക്കാടിലും ഉരുള്‍പൊട്ടി.കൃഷ്ണഗിരിയില്‍ നിര്‍ത്തിയിട്ട ബസുകള്‍ ഒലിച്ചുപോയി. വിഴുപ്പുറം ജില്ലയിലെ നദികള്‍ കരകവിഞ്ഞു. ഇതോടെ ചെന്നൈയില്‍ നിന്ന് തെക്കന്‍ ജില്ലകളിലേക്കുള്ള യാത്ര തടസ്സപ്പെട്ടു. ഇവിടെ കെട്ടിടങ്ങളും വെളളത്തിനടിയിലാണ്.
തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി. അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കനത്ത മഴയ്ക്ക് പിന്നാലെ തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. കൂറ്റന്‍ പാറക്കല്ലുകളും വീണ്ടും മണ്ണിടിയുമെന്ന ഭീഷണിയും തിരച്ചിലിന് തിരിച്ചടിയായി.പുതുച്ചേരിയില്‍ കനത്ത മഴയാണ് ലഭിച്ചത്. 24 മണിക്കൂറില്‍ 48.4 സെന്റീമീറ്റര്‍ മഴയാണ് പെയ്തത്. മഴക്കെടുതിയില്‍ 6 പേര്‍ മരിച്ചു. ജനവാസ കേന്ദ്രങ്ങള്‍ വെളളത്തിനടിയിലാണ്.