/kalakaumudi/media/media_files/m4szq053NpwQAt1JNIJ9.jpeg)
ധാക്ക: ബംഗ്ലാദേശിലെ ആഭ്യന്തര പ്രക്ഷോഭത്തില്‍ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഷ്റഫെ മുര്‍ത്താസയുടെ വീടിന് തീയിട്ട് പ്രക്ഷോഭകര്‍. ഖുല്‍ന ജില്ലയിലെ നരെയ്ല്‍ മണ്ഡലത്തിലെ മൊര്‍ത്താസയുടെ വീടിനുനേര്‍ക്കാണ് പ്രതിഷേധക്കാര്‍ അക്രമം നടത്തിയത്. ഭരണകക്ഷിയായ അവാമി ലീഗിനെ പ്രതിനിധാനം ചെയ്യുന്ന എം.പി.യാണ് നിലവില്‍ മുര്‍ത്താസ. വീട് കത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ബംഗ്ലാദേശിനായി 117 മത്സരങ്ങള്‍ കളിച്ച താരം 390 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 2955 റണ്‍സും നേടി. ക്രിക്കറ്റില്‍നിന്ന് വിരമിച്ചതിനു പിന്നാലെ 2018-ല്‍ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗില്‍ ചേര്‍ന്നു. തുടര്‍ന്ന് നരെയ്ല്‍-2 മണ്ഡലത്തില്‍നിന്ന് മത്സരിച്ച് വിജയിച്ചു.
സര്‍ക്കാര്‍ ജോലിയിലെ സംവരണവുമായി ബന്ധപ്പെട്ട് വലിയ കലാപത്തിനെയാണ് ബംഗ്ലാദേശ് സാക്ഷ്യംവഹിച്ചത്. 1971-ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെ കുടുംബങ്ങള്‍ക്ക് 30 ശതമാനമാണ് സര്‍ക്കാര്‍ ജോലിയില്‍ സംവരണമുള്ളത്. കൂടാതെ മറ്റു 26 ശതമാനം സംവരണങ്ങളുമുണ്ട്. ഇത് കനത്ത തൊഴിലില്ലായ്മ സൃഷ്ടിക്കുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രക്ഷോഭം കനത്തതോടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യം വിട്ടുപോയിരുന്നു.