ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍; ഇന്ന് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 151-ാം ജന്മദിനം

അതുല്യനായ സംഘാടകന്‍, കരുത്തനായ ഭരണകര്‍ത്താവ്, ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള പൊതു പ്രവര്‍ത്തകന്‍...എതിരാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ചാര്‍ത്തി നല്‍കിയ വിശേഷണങ്ങള്‍ ഏറെയാണ്

author-image
Biju
New Update
patel

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മുഖങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പും പിമ്പുമായി 500 ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യയിലേക്ക് സംയോജിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ വ്യക്തി കൂടിയായിരുന്നു ഇന്ത്യയുടെ ഈ ഉരുക്കുമനുഷ്യന്‍. 

അതുല്യനായ സംഘാടകന്‍, കരുത്തനായ ഭരണകര്‍ത്താവ്, ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള പൊതു പ്രവര്‍ത്തകന്‍...എതിരാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ചാര്‍ത്തി നല്‍കിയ വിശേഷണങ്ങള്‍ ഏറെയാണ്. നിശ്ചയ ദാര്‍ഢ്യവും, സംഘാടക ശക്തയും, ദേശീയബോധവും സമന്വയിപ്പിച്ച പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ ഭാരത്തിന്റെ ഉരുക്കുമനുഷ്യനാക്കിയത്.

1875 ഒക്ടോബര്‍ 31 ന് ഗുജറാത്തിലെ കര്‍ഷക കുടുംബത്തില്‍ ജനനം. കാര്‍ഷികവൃത്തികളില്‍ കുടുംബത്തെ സഹായിച്ചു കൊണ്ടു തന്നെ പഠനം നടത്തിയ പട്ടേല്‍ നിയമബിരുദധാരിയായി. ഇതിനിടയില്‍ വിവാഹം കഴിച്ചു. മണി ബെന്‍ എന്നും ദഹ്യ ഭായി എന്നും രണ്ട് കുട്ടികള്‍ ഉണ്ടായി. ഭാര്യ ഝാവേര്‍ബ 1909 ല്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു. പൊതു പ്രവര്‍ത്തനവും സ്വാതന്ത്ര്യ സമര പോരാട്ടവും തുടങ്ങുന്നത് പിന്നെയും കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. അഹമ്മദാബാദിലെ ഏറ്റവും മികച്ച അഭിഭാഷകരില്‍ ഒരാളായി കഴിയവേ ആണ് ഗാന്ധിജിയുടെ ആശയങ്ങള്‍ അദ്ദേഹത്തെ സ്വാധീനിച്ചു തുടങ്ങുന്നത്.

ഗാന്ധിയുടെ സ്വരാജ് എന്ന ആശയത്തിനു പിന്തുണ നല്‍കികൊണ്ടാണ്, പട്ടേല്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനായുള്ള പെറ്റീഷനില്‍ ഒപ്പു വെക്കാനായി പട്ടേല്‍ ജനങ്ങളോടാഹ്വാനം ചെയ്തു. ഏതാണ്ട് ഒരു മാസത്തിനുശേഷം, ഗുജറാത്തിലെ ഗോധ്രയില്‍ വച്ചു നടന്ന ഒരു രാഷ്ട്രീയ സമ്മേളനത്തില്‍ വച്ചാണ് പട്ടേല്‍ ഗാന്ധിയുമായി കണ്ടു മുട്ടുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഗുജറാത്ത് വിഭാഗമായ ഗുജറാത്ത് സഭയുടെ സെക്രട്ടറിയായി ഗാന്ധിയുടെ ആശീര്‍വാദത്തോടെ പട്ടേല്‍ വൈകാതെ ചുമതലയേറ്റു. ഖേദ ഗ്രാമത്തില്‍ പൊട്ടിപ്പുറപ്പെട്ട പ്ലേഗും, കടുത്ത ക്ഷാമവും മൂലമുണ്ടായ ദുരിതങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ പട്ടേല്‍ മുന്നിട്ടിറങ്ങി. ജനങ്ങളുടെ ദുരിത ജീവിതം പൊതു സമൂഹത്തിനു മുന്നിലെത്തിച്ച അദ്ദേഹം ഒരു വര്‍ഷത്തേക്ക് നികുതി റദ്ദാക്കാന്‍ ബ്രിട്ടീഷുകാരെ നിര്‍ബന്ധിതരാക്കി. 1920 ല്‍ ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

അഹമ്മദാബാദില്‍ നടന്ന വിദേശി വസ്ത്ര ബഹിഷ്‌കരണത്തില്‍ പങ്കെടുത്ത് പൂര്‍ണമായും ഖാദിയിലേക്ക് അദ്ദേഹവും മക്കളും മാറി. അഹമ്മദാബാദ് നഗരസഭാ അദ്ധ്യക്ഷനായി ചുമതലയേറ്റ അദ്ദേഹം വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ശുചിത്വത്തിലും അടിസ്ഥാന വികസനത്തിലും ശ്രദ്ധിച്ചു . നികുതി വര്‍ദ്ധനവിനെതിരെ സംഘടിപ്പിച്ച ബര്‍ദോളി സത്യഗ്രഹം പട്ടേലിനെ ജനങ്ങളുടെ സര്‍ദാറാക്കി.

1931ലെ കറാച്ചി സമ്മേളനത്തില്‍ സര്‍ദാര്‍, കോണ്‍ഗ്രസിന്റെ പ്രസിഡന്റായി. വട്ടമേശ സമ്മേളനത്തിന്റെ പരാജയത്തെത്തുടര്‍ന്ന് ഗാന്ധിജിയും പട്ടേലും ജയിലിലായി. സഹോദരന്‍ വിഠല്‍ ഭായ് പട്ടേലിന്റെ ശവസംസ്‌കാരത്തിന് പരോള്‍ ലഭിച്ചിരുന്നെങ്കിലും പട്ടേല്‍, അത് നിരസിക്കുകയായിരുന്നു. 1942 മുതല്‍ 1945 വരെ പട്ടേല്‍ ജയിലിലടയ്ക്കപ്പെട്ടു. സോഷ്യലിസം സ്വീകരിക്കണമെന്ന നെഹ്രുവിന്റെ വാദത്തെ അതിശക്തമായി പട്ടേല്‍ എതിര്‍ത്തിരുന്നു.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയും ആയിരുന്ന പട്ടേല്‍ പഞ്ചാബിലെയും ഡല്‍ഹിയിലെയും അഭയാര്‍ത്ഥികള്‍ക്ക് അവശ്യസാധനങ്ങള്‍ സംഘടിപ്പിച്ചു. രാജ്യത്താകമാനം സമാധാനം പുനസ്ഥാപിക്കുവാന്‍ പട്ടേല്‍ പരിശ്രമിച്ചു. 565 അര്‍ദ്ധ-സ്വതന്ത്ര നാട്ടുരാജ്യങ്ങളെയും ബ്രിട്ടീഷ് കാലഘട്ടത്തിലെ കോളനി പ്രവിശ്യകളെയും ഒന്നിപ്പിച്ച് ഇന്ത്യാ രാഷ്ട്രം രൂപവത്കരിക്കുന്ന ചുമതല പട്ടേല്‍ ഏറ്റെടുത്തു. തുറന്ന നയതന്ത്രവും സൈനിക ശക്തി ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും കൊണ്ട് പട്ടേലിന്റെ നേതൃത്വത്തില്‍ ഏകദേശം എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യയില്‍ ലയിച്ചു.

ഗാന്ധിജിയോട് ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പട്ടേലിന് അദ്ദേഹത്തിന്റെ വിയോഗം താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു. ഒരു പക്ഷേ, ഈ ആഘാതമായിരിക്കാം, രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പട്ടേലിനെയും മരണത്തിലേയ്ക്ക് നയിച്ചത്. 1950 ഡിസംബര്‍ 15നാണ് ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ ലോകത്തോട് വിടവാങ്ങിയത്. സാധാരണക്കാരനായി ജനിച്ച്, സാധാരണക്കാരുടെ നേതാവായി മാറിയ പട്ടേലിന് പകരക്കാരനാവാന്‍ ഇന്നും ഒരു നേതാവും ജനിച്ചിട്ടില്ലെന്നു തന്നെ പറയാം.

ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യയെ രൂപപ്പെടുത്തിയ വ്യക്തിത്വത്തെക്കുറിച്ച് അത്ര അറിയപ്പെടാത്ത ചില വസ്തുതകളുമുണ്ട്.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രിയായും നിയമിതനായ നേതാവായിരുന്നു പട്ടേല്‍. ഇതിനൊപ്പം തന്നെ വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെയും സംസ്ഥാന മന്ത്രാലയത്തിന്റെയും മേല്‍നോട്ടം അദ്ദേഹം വഹിച്ചു. 22ാം വയസില്‍ മെട്രിക്കുലേഷന്‍ പാസായ സര്‍ദാര്‍ വല്ലഭായി പട്ടേലിന് രാഷ്ട്രീയത്തില്‍ അശേഷം താല്‍പര്യമുണ്ടായിരുന്നില്ല. 

എന്നാല്‍ 1917ലെ മഹാത്മാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയാണ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജീവിതം മാറ്റി മറിച്ചത്. ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ജോലി ഉപേക്ഷിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേരുകയും. ഗുജറാത്ത് സഭയുടെ പാര്‍ട്ടി സെക്രട്ടറി ആവുകയും ചെയ്തു.

36 വയസുള്ളപ്പോള്‍ പട്ടേല്‍ ഇംഗ്ലണ്ടിലെ ഇന്‍സ്ഓഫ് കോര്‍ട്ടില്‍ മൂന്ന് വര്‍ഷത്തെ കോഴ്‌സിന് ചേര്‍ന്നു. 30 മാസംകൊണ്ട് കോഴ്‌സ് പൂര്‍ത്തിയാക്കിയ പട്ടേല്‍ ബാരിസ്റ്ററായി യോഗ്യത നേടുകയായിരുന്നു. പ്ലേഗും ക്ഷാമവും ഇന്ത്യയെ വലച്ചപ്പോള്‍ ഗാന്ധിജിയുടെ ആഹ്വാനപ്രകാരം ഖേദയില്‍ നികുതി ഒഴിവാക്കാനുള്ള സമരത്തില്‍ പട്ടേല്‍ പങ്കെടുത്തു. നിസ്സഹരണ പ്രസ്ഥാനത്തില്‍ ഗാന്ധിജിയുടെ ഏറ്റവുമടുത്ത വ്യക്തിയായിരുന്നു പട്ടേല്‍. നിസ്സഹര പ്രസ്ഥാനത്തിലേക്ക് അംഗങ്ങളെ കണ്ടെത്തുന്നതിനായി അദ്ദേഹം രാജ്യത്തുടനീളം സഞ്ചരിച്ചു. പാര്‍ട്ടിഫണ്ടിലേക്ക് വന്‍തുക കണ്ടെത്താനും സര്‍ദാര്‍ വല്ലഭായി പട്ടേലിന് സാധിച്ചു.

ആ കാലത്ത് വളരെ സജീവമായിരുന്ന തൊട്ടുകൂടായ്മ, ജാതി വിവേചനം, മദ്യപാനം എന്നിവയ്‌ക്കെതിരായും സ്ത്രീ ശാക്തീകരണത്തിനായുള്ള പ്രവര്‍ത്തനങ്ങളിലും രാജ്യത്തുടനീളം അദ്ദേഹം പങ്കുവഹിച്ചു. ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നത് നിരോധിക്കുന്ന ബ്രിട്ടീഷ് നിയമത്തിന് വിരുദ്ധമായി 1923ല്‍ നാഗ്പൂരില്‍ സത്യാഗ്രഹ സമരത്തിനും സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നേതൃത്വം നല്‍കി. 

patel 2

പട്ടേല്‍ മ്യൂസിയം

രാജഭരണം ജനാധിപത്യത്തിന് വഴി മാറിയെന്ന് നമ്മള്‍ എപ്പോഴും പറയാറുണ്ട്. സമാനമായി ഒരു രാജകൊട്ടാരം മുന്‍ ഉപ പ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ മ്യൂസിയം ആയി മാറിയ കഥയുണ്ട് അങ്ങ് അഹമ്മദാബാദില്‍.

1622 ല്‍ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ പണിത കൊട്ടാരം പണിയിച്ചത് മോത്തി സാഹി മഹല്‍. ബ്രിട്ടീഷ് ഭരണത്തില്‍ ഉന്നത ഓഫീസര്‍മാരുടെ വസതിയായി. സ്വാതന്ത്ര്യം ലഭിച്ചതോടെ  ഗവര്‍ണറുടെ വസതിയായി. 1978-ല്‍, ഗുജറാത്ത് സര്‍ക്കാര്‍ ഈ കൊട്ടാരം ഏറ്റെടുത്തു. പിന്നീട് സര്‍ദാര്‍ പട്ടേലിന്റെ വസ്തുക്കള്‍, പ്രധാനപ്പെട്ട കത്തുകള്‍, ചരിത്ര ഫോട്ടോകള്‍, എന്നിവ പ്രദര്‍ശിപ്പിച്ചു വരുന്നു. 

സ്വാതന്ത്ര്യ സമരത്തിലും സ്വാതന്ത്ര്യാനന്തരകാലത്ത് രാജ്യ ഐക്യത്തിനായും പട്ടേല്‍ നടത്തിയ പോരാട്ടങ്ങളും സംഭാവനകളും എക്കാലത്തും രാജ്യത്തെ ഓര്‍മിപ്പിച്ച് അഹമ്മദാബാദില്‍ ഈ മ്യൂസിയം അങ്ങനെ നിലകൊള്ളുകയാണ്.

മാത്രമല്ല, ഇന്ന് ലോകത്തില്‍ ഏറ്റവും ഉയരമുള്ള പ്രതിമ പട്ടേലിന്റേതായി തലയെുപ്പോടെ ഉയര്‍ന്നുനില്‍ക്കുന്നു.