/kalakaumudi/media/media_files/2025/09/12/jagdeep-2025-09-12-14-37-15.jpg)
ന്യൂഡല്‍ഹി : ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞ ചടങ്ങ് രാഷ്ട്രപതി ഭവനില്‍ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഈ ചടങ്ങില്‍ ഏറെ ശ്രദ്ധ നേടിയത് മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആണ്. ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നും രാജിവച്ചതിനുശേഷം ആദ്യമായാണ് അദ്ദേഹം ഒരു പൊതു വേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രാജിവച്ച ജഗ്ദീപ് ധന്‍കര്‍ കഴിഞ്ഞ ഒന്നരമാസത്തോളമായി വിശ്രമത്തില്‍ ആയിരുന്നു. ഇന്ന് രാഷ്ട്രപതി ഭവനില്‍ നടന്ന ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ എത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ജൂലൈ 21 ന് ശേഷം ആദ്യമായാണ് അദ്ദേഹം ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുന്നത്.
പുതിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന് സ്‌നേഹാലിംഗനത്തോടെ ആണ് ജഗ്ദീപ് ധന്‍കര്‍ ആശംസകള്‍ അറിയിച്ചത്. അതിഥികളുടെ ആദ്യ നിരയില്‍ ആയിരുന്നു ജഗ്ദീപ് ധന്‍കര്‍ ഉണ്ടായിരുന്നത്. നേരത്തെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വിജയത്തിന് അദ്ദേഹം സിപി രാധാകൃഷ്ണനെ അഭിനന്ദിച്ചിരുന്നു.
സി പി രാധാകൃഷ്ണന്റെ പൊതുജീവിതത്തിലെ വിപുലമായ പരിചയസമ്പത്ത് കാരണം ഉപരാഷ്ട്രപതി പദവിക്ക് കൂടുതല്‍ ബഹുമാനവും അന്തസ്സും ലഭിക്കുമെന്ന് ജഗ്ദീപ് ധന്‍കര്‍ അഭിപ്രായപ്പെട്ടു.