കോണ്‍ഗ്രസിലെ ഏറ്റവും തലയെടുപ്പുള്ള നേതാക്കളില്‍ ഒരാളാണ് ശശി തരൂര്‍. ആഗോള പൗരനായ തരൂര്‍ കേരളത്തിന്റെയും അഭിമാനമാണ്. രാഷ്ട്രീയ വിഷയങ്ങളില്‍ കൃത്യമായ നിലപാട് സ്വീകരിക്കാറുള്ള തരൂര്‍, ഇന്ത്യയിലെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാക്കളില്‍ ഒരാളും പ്രഗത്ഭനായ പാര്‍ലമെന്റേറിയനുമാണ്. കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും അതിനെയെല്ലാം മറികടക്കാന്‍ തരൂരിന്റെ വ്യക്തിപ്രഭാവത്തിനു സാധിച്ചു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഒരു വിഭാഗത്തിന്റെ സ്വീകാര്യതയും തരൂര്‍ നേടിയെടുത്തു.
തരൂരിനെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയിരിക്കുകയാണ് ഐപിഎല്‍ മുന്‍ ചെയര്‍മാനും ബിസിസിഐയുടെ മുന്‍ വൈസ് പ്രസിഡന്റുമായ ലളിത് മോദി. കൊച്ചി ടസ്‌കേഴ്സ് ടീം ഉടമകളില്‍ ഒരാളായി സുനന്ദ പുഷ്‌കറിനെ കൊണ്ടുവരാന്‍ ശശി തരൂര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും രേഖകളില്‍ നിര്‍ബന്ധിപ്പിച്ച് ഒപ്പിടിച്ചുവെന്നമാണ് ലളിത് മോദി ആരോപിക്കുന്നത്. അന്ന് കേന്ദ്രം ഭരിച്ചിരുന്നത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് നേതൃത്വം ഇതില്‍ ഇടപെട്ടുവെന്നും ലളിത് മോദി പറയുന്നു. സോണിയ ഗാന്ധി താമസിക്കുന്ന 10 ജന്‍പഥില്‍ നിന്ന് തനിക്ക് ഫോണ്‍കോള്‍ വന്നുവെന്നും മോദി വെളിപ്പെടുത്തുന്നു.
രാജ് ഷമാനിക്ക് നല്‍കിയ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് ലളിത് മോദിയുടെ ആരോപണങ്ങള്‍.
ഐപിഎല്‍ സീസണിന്റെ ആദ്യ കാലങ്ങളില്‍ ശശി തരൂരും കോണ്‍ഗ്രസ് നേതൃത്വവും ബലപ്രയോഗവും അഴിമതിയും നടത്തി. തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിന് കോടിക്കണക്കിന് മൂല്യമുള്ള കൊച്ചി ടീമിന്റെ 25% ഉടമസ്ഥാവകാശം അനുവദിച്ചുകൊടുക്കാന്‍ രേഖകളില്‍ നിര്‍ബന്ധിതമായി ഒപ്പിടുവിച്ചു. കോണ്‍ഗ്രസാണ് അന്ന് കേന്ദ്രം ഭരിച്ചിരുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ചുനിന്ന സമയമായിരുന്നു അത്.
'348 മില്ല്യണ്‍ ഡോളറിനാണ് കൊച്ചി ടസ്‌ക്കേഴ്സിനെ അവര്‍ സ്വന്തമാക്കിയത്. അന്ന് 12 ഓഹരി ഉടമകളാണുണ്ടായിരുന്നത്. അത് ജെപി ഗ്രൂപ്പായിരിക്കുമെന്ന് ഞാന്‍ കരുതിയത്. അപ്പോഴാണ് സുനന്ദ പുഷ്‌കര്‍ എന്ന പേര് ഞാന്‍ ശ്രദ്ധിച്ചത്. മാര്‍ക്കറ്റിങ് ജീനിയസ് എന്നാണ് അവരെ പരാമര്‍ശിച്ചിരുന്നത്.
50 മില്ല്യണ്‍ ഡോളര്‍ വരുന്ന കണ്‍സോര്‍ഷ്യത്തില്‍ 25 ശതമാനം ഓഹരികളും അവര്‍ക്ക് സൗജന്യമായി ലഭിച്ചു. കൂടാതെ വരുമാനത്തിന്റെ 15 ശതമാനവും അവര്‍ക്കായിരുന്നു ലഭിച്ചത്. ഈ കരാര്‍ ഞാന്‍ ഒപ്പിടില്ലെന്ന് അവരെ അറിയിച്ചു. ഉടനെത്തന്നെ ശശി തരൂര്‍ എന്നെ വിളിച്ചു.
അദ്ദേഹം മോശമായ രീതിയിലാണ് സംസാരിച്ചത്. സുനന്ദ പുഷ്‌കറിനെ കുറിച്ച് ചോദിക്കാന്‍ മാത്രം ധൈര്യം എനിക്കുണ്ടോയെന്നായിരുന്നു തരൂരിന്റെ ചോദ്യം. ഇഡി റെയ്ഡ് ചെയ്താല്‍ ഞാന്‍ ജയിലിലേക്ക് പോകേണ്ടി വരുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.
പിന്നീട് അന്നത്തെ ബിസിസിഐ പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹര്‍ ഇതില്‍ ഇടപെട്ടു. കരാറില്‍ ഒപ്പിടാന്‍ അദ്ദേഹം സമ്മര്‍ദ്ദത്തിലാക്കി. എന്റെ എതിര്‍പ്പുകള്‍ വകവെയ്ക്കാതെയായിരുന്നു ഈ നീക്കം. യോഗത്തിന്റെ മിനിറ്റ്സില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ലളിത് മോദി പറയുന്നു.
2010-ല്‍ ബിസിസിയില്‍ നിന്ന് ലളിത് മോദിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഐപിഎല്ലിനു പിന്നാലെ സാമ്പത്തിക ക്രമക്കേടുകളും അച്ചടക്ക ലംഘനവും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു നടപടി.പിന്നീട് കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ 2013 മുതല്‍ ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി. ലളിത് മോദിയുടെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയര്‍ത്തിയിരിക്കുകയാണ്.