സ്വപ്‌നം കാണാന്‍ പഠിപ്പിച്ച കലാം; എപിജെ അബ്ദുള്‍കലാം വിടപറഞ്ഞിട്ട് 10 വര്‍ഷം

സ്വപ്നം കാണാനും സ്വപ്നം സാക്ഷാത്ക്കരിക്കാനുമുള്ള പരിശ്രമങ്ങളാണ് തമിഴ്നാട്ടിലെ രാമേശ്വരത്തെ ഒരു ദരിദ്രനായ ബാലനെ ലോകമെങ്ങും അറിയപ്പെടുന്ന ശാസ്ത്രജ്ഞനും ഇന്ത്യയുടെ രാഷ്ട്രപതിയുമാക്കിത്തീര്‍ത്തത്

author-image
Biju
New Update
apj

ഉറക്കത്തില്‍ കാണുകയും ഉണരുമ്പോള്‍ മാഞ്ഞുപോവുകയും ചെയ്യുന്ന വെറുമൊരു പരിമിതാര്‍ത്ഥത്തിലല്ല ഉറങ്ങാന്‍ അനുവദിക്കാത്തതരത്തില്‍ നമ്മെ വേട്ടയാടുന്നതെന്തോ അതാണ് യഥാര്‍ത്ഥ സ്വപ്നമെന്നാണ് അബ്ദുള്‍ കലാം ലോകത്തോട് വിളിച്ചുപറഞ്ഞത്.

സ്വപ്നത്തിന് നല്കിയ ഈ പുതിയ നിര്‍വചനമാണ്, സ്വപ്നം കാണാനും സ്വപ്നം സാക്ഷാത്ക്കരിക്കാനുമുള്ള പരിശ്രമങ്ങളാണ് തമിഴ്നാട്ടിലെ രാമേശ്വരത്തെ ഒരു ദരിദ്രനായ ബാലനെ ലോകമെങ്ങും അറിയപ്പെടുന്ന ശാസ്ത്രജ്ഞനും ഇന്ത്യയുടെ രാഷ്ട്രപതിയുമാക്കിത്തീര്‍ത്തത്.. ലോകത്തെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചവയായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും അദ്ദേഹം എഴുതിയ പുസ്തകങ്ങളും. അഗ്‌നിചിറകുകളും ജ്വലിക്കുന്ന മനസ്സുകളും അത്തരത്തിലുള്ളവയായിരുന്നു.

1931 ഒക്ടോബര്‍ 15 ന് തമിഴ്നാട്ടിലെ രാമേശ്വരത്തായിരുന്നു കലാമിന്റെ ജനനം. ദരിദ്രമായ ജീവിതചുറ്റുപാടുകളായിരുന്നു അദ്ദേഹത്തിന്റേത്. പിതാവ് ജൈനുലബ്ദീന്‍ ഒരു ബോട്ട് ഡ്രൈവറും അമ്മ സാധാരണക്കാരിയായ വീട്ടമ്മയുമായിരുന്നു. നാലു സഹോദരന്മാരുംഒരു സഹോദരിയുമായിരുന്നു കലാമിനുണ്ടായിരുന്നത്.കുടുംബത്തിലെ ഇളയ സന്താനമായിരുന്നു കലാം. സമ്പന്നരായിരുന്നു കലാമിന്റെ പൂര്‍വികര്‍. ഭൂഉടമകളും മികച്ച കച്ചവടക്കാരുമായിരുന്നു അവര്‍. എന്നാല്‍ കാലക്രമേണ കച്ചവടം പൊളിഞ്ഞു. സമ്പാദ്യമെല്ലാം ഒലിച്ചുപോയി. കലാമിന്റെ ബാല്യകാലമായപ്പോഴേയ്ക്കും വീട്ടില്‍ ദാരിദ്ര്യം നടമാടിത്തുടങ്ങിയിരുന്നു. സമ്പന്നതയില്‍ നിന്ന് ഒന്നുമില്ലായ്മയിലേക്കുള്ള ഒരു കുടുംബത്തിന്റെ പതനം വലുതായിരുന്നു. 

 മൂന്ന് തലമുറകളുടെ സ്മരണകളുണര്‍ത്തുന്നതാണ് എപിജെ അബ്ദുള്‍കലാമിന്റെ പേര്. അവൂല്‍ പക്കീര്‍ ജൈനുലബ്ദീന്‍ അബ്ദുള്‍കലാം എന്നാണ് പൂര്‍ണ്ണനാമം. ഇതില്‍ അവൂല്‍ വല്യമുത്തച്ഛന്റെ പേരും പക്കീര്‍ മുത്തച്ഛന്റെ പേരും ജൈനുലബ്ദീന്‍ പിതാവിന്റെ പേരുമായിരുന്നു. മൂന്നുപേരുകളെ കൂട്ടിച്ചേര്‍ത്തതിലൂടെ ഒരു പാരമ്പര്യത്തെയും സംസ്‌കാരത്തെയും അവരുടെ ആധ്യാത്മികപൈതൃകത്തെയുമാണ് അബ്ദുള്‍കലാം സ്വന്തമാക്കിയത്. വിശുദ്ധ ബൈബിളും ഖുറാനും ഗീതയും തിരുക്കുറളും ഒന്നുപോലെ സംയോജിപ്പിച്ച ആധ്യാത്മിക പക്വത കലാമിന് സ്വന്തമായുണ്ടായിരുന്നു. ഏതെങ്കിലും ഒരു മതത്തോട് മാത്രം അന്ധമായ വിധേയത്വം പുലര്‍ത്തിയിരുന്ന സ്വഭാവവും കലാമിനുണ്ടായിരുന്നില്ല.

രാമേശ്വരം ക്ഷേത്രത്തിലെ മുഖ്യപൂജാരി പക്ഷി ലക്ഷ്മണശാസ്ത്രിയായിരുന്നു കലാമിന്റെ അച്ഛന്റെ പ്രിയ സ്നേഹിതന്മാരില്‍ ഒരാള്‍. സ്വഭാവികമായും ഈ സുഹൃത്തുക്കളുടെ മക്കളും പരസ്പരം സുഹൃത്തുക്കളായി. ഇരുവരും ക്ലാസില്‍ ഒരുമിച്ചായിരുന്നു ഇരിപ്പും. എന്നാല്‍ അടുത്തകാലത്തായി സ്ഥലം മാറിവന്ന അധ്യാപകന് ഒരു മുസ്ലീമും ഹിന്ദുവും ഒരുമിച്ചിരിക്കുന്നത് അത്ര നല്ല കാര്യമായി തോന്നിയില്ല. തന്മൂലം അദ്ദേഹം കുട്ടികളെ മാറ്റി ഇരുത്തി. കലാമിനെ പിന്‍നിരയിലേക്ക് മാറ്റുകയാണ് അധ്യാപകന്‍ ചെയ്തത്. ഈ സംഭവം പൂജാരി അറിഞ്ഞപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. അദ്ദേഹം അധ്യാപകനോട് പറഞ്ഞു'' ഒന്നുകില്‍ താങ്കള്‍ ചെയ്ത ഈ അവിവേകത്തിന് മാപ്പ് പറയണം. അല്ലെങ്കില്‍ ദ്വീപ് വിട്ടുപോകണം..'' അടുത്തദിനം മുതല്‍ കലാമിന് മുന്‍നിരയില്‍ കൂട്ടുകാരനൊപ്പം തന്നെ സീറ്റ് കിട്ടി. ഇത്തരം ജീവിതപാഠങ്ങളാണ് കലാമിലെ മതാത്മകതയെ രൂപപ്പെടുത്തിയത്. 

കലാമിന്റെ ജീവിതത്തിലെ അവിസ്മരണീയമായ സാന്നിധ്യമാണ് അഞ്ചാം ക്ലാസിലെ അധ്യാപകനായ ശിവസുബ്രഹ്‌മണ്യ അയ്യര്‍. തന്റെ ജീവിതത്തിലെ മാതൃകാപുരുഷനും വഴികാട്ടിയുമായി കലാം എല്ലായിടത്തും അദ്ദേഹത്തെ അവതരിപ്പിച്ചിട്ടുമുണ്ട്. ഒരു ദിവസം അയ്യര്‍സാര്‍ ക്ലാസില്‍ പക്ഷികള്‍ പറക്കുന്നതിനെക്കുറിച്ച് പഠിപ്പിക്കുകയായിരുന്നു. പക്ഷിയുടെ ചിത്രം ബോര്‍ഡില്‍ വരച്ച് പറക്കല്‍ പ്രക്രിയയുടെ വിവിധ വശങ്ങളെക്കുറിച്ച് അദ്ദേഹം വിവരിക്കാന്‍ തുടങ്ങി. അരമണിക്കൂര്‍ ക്ലാസിന് ശേഷം പക്ഷികള്‍ പറക്കുന്നത് എങ്ങനെയെന്ന് മനസ്സിലായോ എന്ന് അദ്ദേഹം ചോദിച്ചു മനസ്സിലായില്ല എന്നായിരുന്നു കുട്ടികളുടെ മറുപടി. ശാന്തശീലനായിരുന്ന അധ്യാപകന്‍ വീണ്ടും പാഠ്യഭാഗം ആവര്‍ത്തിച്ചു. അപ്പോഴും മനസ്സിലായില്ലെന്നായിരുന്നു കുട്ടികളില്‍ ഭൂരിഭാഗത്തിന്റെയും മറുപടി. 

അന്ന് വൈകുന്നേരം സാര്‍ കുട്ടികളെയും കൂട്ടി രാമേശ്വരം കടപ്പുറത്തേക്ക്പോയി. ആകാശത്തിലൂടെ പറന്നുനീങ്ങുന്ന പക്ഷികളെ നിരീക്ഷിക്കാനായിരുന്നു സാറിന്റെ നിര്‍ദ്ദേശം. പക്ഷികളെ ശ്രദ്ധിച്ചപ്പോള്‍ അവരുടെ ചലനങ്ങളും മറ്റും വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലായി തുടങ്ങി., അപ്പോള്‍ അയ്യര്‍സാര്‍ ഒരു ചോദ്യം ചോദിച്ചു. പക്ഷിയെ പറക്കാന്‍ സഹായിക്കുന്ന യന്ത്രവും ആ യന്ത്രത്തിലെ ശക്തിയും എവിടെയാണ് കുടികൊള്ളുന്നത്? കുട്ടികള്‍ക്ക് അതിന്റെ ഉത്തരം അറിയില്ലായിരുന്നു. 

'' സ്വന്തം ജീവനും ആവശ്യമുള്ളവ നേടാനുളള പ്രേരണാശക്തിയുമാണ് പക്ഷിയെ പറക്കാന്‍ സഹായിക്കുന്ന യന്ത്രവും പ്രവര്‍ത്തന ശേഷിയും എന്നായിരുന്നു സാറിന്റെ മറുപടി. അധ്യാപകന്റെ ഈ മറുപടി കലാം എന്ന വിദ്യാര്‍ത്ഥിയെ മറ്റൊരുതരത്തിലാണ് സ്വാധീനിച്ചത്. പക്ഷി  എങ്ങനെ പറക്കുന്നു എന്നതിനപ്പുറം പറക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ടായിരിക്കണം തന്റെ ഭാവിജീവിതമെന്ന് കലാം തീരുമാനിച്ചത് രാമേശ്വരത്തെ ആ കടപ്പുറത്ത് വച്ച് സായാഹ്നത്തിലായിരുന്നു. ഒരു റോക്കറ്റ് എന്‍ജിനീയറുടെയും സാങ്കേതികവിദഗ്ദധന്റെയും പിറവിയായിരുന്നു അത്.

രാജ്യത്ത് ഏറ്റവും പിന്നില്‍ നില്ക്കുന്ന ഗ്രാമങ്ങളില്‍വച്ച് പിറന്നാളുകള്‍ ആഘോഷിക്കാനാണ് കലാം ആഗ്രഹിച്ചത്. അതിനുള്ള കാരണമായി അദ്ദേഹം പറഞ്ഞത് ഇതായിരുന്നു. ആ ഗ്രാമങ്ങളിലേക്ക് രാഷ്ട്രപതി എത്തുന്നു എന്നറിയുമ്പോള്‍ എത്ര പിന്നാക്കം നില്ക്കുന്ന പ്രദേശമാണെങ്കിലും പെട്ടെന്ന് തന്നെ വൈദ്യുതി, വെള്ളം, വഴി, ചികിത്സാസമ്പ്രദായം, ആധുനികമാധ്യമശൃംഖലകള്‍ തുടങ്ങിയവയെല്ലാം പറന്നെത്തും. പെട്ടെന്ന്  ഇന്ത്യയില്‍ വികസനം വരാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടുപിടുത്തം. അത് ശരിയുമാണെന്ന  വിധത്തിലുള്ള എത്രയോ സംഭവങ്ങള്‍ പലര്‍ക്കും പറയാനുണ്ട്

കത്തിനോ ഇമെയിലുകള്‍ക്കോ മറുപടി അയ്ക്കാന്‍ മടിവിചാരിക്കുകയോ ഉപേക്ഷ കാണിക്കുകയോ ചെയ്യുന്നവരെല്ലാം അനുകരിക്കേണ്ട ഒരു മാതൃകയാണ് അബ്ദുള്‍ കലാമിന്റേത്. രാഷ്ട്രപതിയായിരിക്കുന്ന വേളയില്‍ അദ്ദേഹത്തിന് ദിനംപ്രതി നാനൂറിലധികം മെയിലുകള്‍ വന്നിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന്  വിവിധ ആവശ്യങ്ങളും സഹായങ്ങളും ഉന്നയിച്ചുകൊണ്ടുളളവയായിരുന്നു ആ കത്തുകളെല്ലാം തന്നെ. 

സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികളുടെ പാഠ്യസംബന്ധമായ സംശയങ്ങള്‍ പോലും അതിലുണ്ടായിരുന്നു. എല്ലാറ്റിനും കലാം മറുപടി അയ്ക്കുമായിരുന്നുവത്രെ. പുലര്‍ച്ചെ രണ്ടു മണിവരെയായിരുന്നു അദ്ദേഹം കത്തുകള്‍ അയയ്ക്കാനായി നീക്കിവയക്കുന്ന സമയം. വ്യക്തിപരമായകാര്യങ്ങളില്‍വരെ അടുത്ത സുഹൃത്തിനെ പോലെ കത്തുകളിലൂടെ ഇടപെടാനും പ്രതികരിക്കാനും സഹായിക്കാനും കലാമിന് സാധിച്ചിരുന്നു. 

 ഭാവിയിലെ ഇന്ത്യയെക്കുറിച്ചും ഇന്ത്യക്കാരെക്കുറിച്ചും വലിയ സ്വപ്നങ്ങള്‍ കണ്ട വ്യക്തിയായിരുന്നു കലാം. സ്വപ്നം കാണുക, ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുക ഇവ രണ്ടുമായിരുന്നു കലാമിന്റെ ജീവിതദര്‍ശനം ന്നെ. സ്വപ്നങ്ങളും ലക്ഷ്യങ്ങളുമില്ലാത്തതാണ് ജീവിതത്തിലെ കുറ്റമെന്നാണ് അദ്ദേഹം പഠിപ്പിച്ചത്. ജ്വലിക്കുന്ന മനസ്സുകള്‍ എന്നാണ് കലാമിന്റെ ഒരു പുസ്തകത്തിന്റെ പേര് തന്നെ. ഇന്ത്യയെക്കുറിച്ചും ഇന്ത്യക്കാരെക്കുറിച്ചുമുള്ള സ്വപ്നങ്ങള്‍ പങ്കുവച്ച് ഭരണാധികാരികളെ കൂടുതല്‍ പ്രചോദിതരാക്കാന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു.

രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ദീര്‍ഘകാല അജണ്ടകളും ദര്‍ശനങ്ങളുമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. കേരളത്തിന്റെ വികസനത്തിന് വേണ്ടി കലാം മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍  വിനോദസഞ്ചാര വികസനം, ജലപാതകളുടെ വികസനം, വിവരസാങ്കേതികവിദ്യയുടെ വിപുലമായ ഉപയോഗം, ആയുര്‍വേദ മരുന്നുകളുടെ ഗവേഷണവും നിര്‍മ്മാണവും. 

നേഴ്സുമാര്‍ക്ക് സവിശേഷപരിശീലനം നല്കി അവരിലൂടെ വിദേശനാണ്യം നേടുക ആഴക്കടല്‍ മീന്‍പിടുത്തം. ചായ, കാപ്പി, തേങ്ങ സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ മൂല്യവര്‍ദ്ധിത ഉപയോഗം, ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് ചെറുകിട മേഖലയെ പരിപോഷിപ്പിക്കുക  തുടങ്ങിയവയായിരുന്നു. തമിഴ്നാട്ടുകാരനാണെങ്കിലും പാതി മലയാളിയായി ജീവിച്ചതുകൊണ്ട് കേരളത്തിന്റെ തനതുപ്രത്യേകതകള്‍ അദ്ദേഹം നന്നായി മനസ്സിലാക്കിയിരുന്നു എന്നതിന് തെളിവുകൂടിയാണ് ഈ നിര്‍ദ്ദേശങ്ങള്‍.

അഞ്ച് വര്‍ഷത്തെ കാലാവധിക്ക് ശേഷം രാഷ്ട്രപതി ഭവന്‍ വിട്ടിറങ്ങുമ്പോള്‍ തനിക്ക് രണ്ട് സ്യൂട്ട്കേസുകള്‍ മാത്രമേ എടുക്കാനുണ്ടായിരുന്നുള്ളൂ എന്ന് കലാം തന്നെ പറഞ്ഞിട്ടുണ്ട്.

A. P. J. Abdul Kalam