മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.

author-image
Rajesh T L
Updated On
New Update
manmohan singh

മന്‍മോഹന്‍ സിംഗ് Photograph: (file photo)


ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. 92 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.

2004 മുതല്‍ 2014 വരെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു. മികച്ച സാമ്പത്തിക വിദഗ്ദ്ധരില്‍ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങിയ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി പദം വരെയെത്തി.

ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിന് തുടക്കമിട്ടത് മന്‍മോഹന്‍ സിംഗ് ആയിരുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണറായും രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്ടറായും ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷനായും നരസിംഹ റാവു മന്ത്രിസഭയില്‍ ധനമന്ത്രിയായും രാജ്യസഭാ  പ്രതിപക്ഷ നേതാവായും യുജിസി അധ്യക്ഷ പദവിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1987ല്‍ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. ഭാര്യ: ഗുര്‍ശരണ്‍ കൗര്‍. മക്കള്‍: ഉപിന്ദര്‍ സിങ്, ദമന്‍ സിങ്, അമൃത് സിങ്.

നിലവില്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ചാക്വാള്‍ ജില്ലയിലുള്ള ഗാഹ് ഗ്രാമത്തില്‍ 1932 സെപ്റ്റംബര്‍ 26 നാണ് മന്‍മോഹന്റെ ജനനം. പിതാവ് ഗുര്‍മുഖ് സിങ്, മാതാവ് അമൃത് കൗര്‍. ഉണക്കപ്പഴങ്ങളുടെ മൊത്തക്കച്ചവടക്കാരനായിരുന്നു പിതാവിന്. ഗാഹിലെ എലിമെന്ററി സ്‌കൂളിലായിരുന്നു മന്‍മോഹന്റെ പ്രാഥമിക വിദ്യാഭ്യാസം. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെത്തിയ മന്‍മോഹന്‍ സിങ്ങിന്റെ കുടുംബം അമൃത്സറിലേക്ക് മാറി. 

പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍മീഡിയറ്റും ധനതത്വശാസ്ത്രത്തില്‍ ബിഎയും എംഎയും ഒന്നാം റാങ്കോടെ പാസായ മന്‍മോഹന്‍, കേംബ്രിജ്, ഓക്‌സ്ഫഡ് സര്‍വകലാശാലകളില്‍ ഉപരിപഠനവും നടത്തി. പഞ്ചാബ്, ഡല്‍ഹി സര്‍വകലാശാലകളില്‍ അധ്യാപകനായും ജോലി ചെയ്തു. 

1972ല്‍ ധനവകുപ്പില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അദ്ദേഹം, 1976ല്‍ ധനമന്ത്രാലയം സെക്രട്ടറിയായി. 198082 കാലയളവില്‍ ആസൂത്രണ കമ്മിഷന്‍ അംഗമായിരുന്നു. 1982ല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി.

1991 ല്‍ നരസിംഹറാവു പ്രധാനമന്ത്രി ആയപ്പോഴാണു റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന മന്‍മോഹന്‍ സിങ്ങിനെ ധനമന്ത്രിയാക്കിയത്. 

2004 മേയ് 22നു പ്രധാനമന്ത്രിയായി ആദ്യതവണ സത്യപ്രതിജ്ഞ ചെയ്തു. 2009 ല്‍ പ്രധാനമന്ത്രിപദത്തില്‍ രണ്ടാമൂഴം. 2014 മേയ് 26ന് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞു.

ആഡംസ്മിത്ത് പുരസ്‌കാരം, ലോകമാന്യ തിലക് പുരസ്‌കാരം, ജവഹര്‍ലാല്‍ നെഹ്റു ജന്മശതാബ്ദി പുരസ്‌കാരം, മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം എന്നിവയടക്കമുള്ള അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.