/kalakaumudi/media/media_files/2025/06/28/issssfd-2025-06-28-21-05-50.jpg)
ന്യൂഡല്‍ഹി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ഇന്ത്യ തലവനും നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ മുന്‍ ഭാരവാഹിയുമായ സാഖിബ് അബ്ദുല്‍ നച്ചന്‍ (57) മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലാണ് മരണം. 2023ല്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തതു മുതല്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ഇയാള്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയതിനു തൊട്ടുപിന്നാലെ തന്നെ ഇയാള്‍ക്ക് മസ്തിഷ്‌ക രക്തസ്രാവമുണ്ടായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ പഡ്ഘയില്‍ ജനിച്ച സാഖിബ്, തൊണ്ണൂറുകളുടെ അവസാനമാണ് സിമിയുടെ ഉന്നത നേതൃത്വത്തിലെത്തിയത്. 2001ല്‍ ദേശവിരുദ്ധ പ്രവൃത്തികളെത്തുടര്‍ന്ന് സിമി നിരോധിക്കപ്പെട്ടു. 2002ലും 2003ലും മുംബൈയില്‍ നടന്ന സ്‌ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് സാഖിബിന്റെ പേര് ദേശീയശ്രദ്ധയില്‍ വരുന്നത്. 13 പേര്‍ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.
ഈ ആക്രമണങ്ങളില്‍ സാഖിബിനു പങ്കുണ്ടെന്ന് തെളിഞ്ഞതോടെ നിയമവിരുദ്ധമായി എകെ56 തോക്കുകള്‍ കൈയില്‍ വച്ചതടക്കമുള്ള കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തി. തുടര്‍ന്നു ഭീകരവിരുദ്ധ കോടതി ഇയാളെ 10 വര്‍ഷം തടവിനു ശിക്ഷിച്ചു. നല്ലനടപ്പിനെത്തുടര്‍ന്ന് 5 മാസം ശിക്ഷായിളവ് ലഭിച്ചതോടെ 2017ല്‍ ശിക്ഷ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ 2023ല്‍ എന്‍ഐഎ വീണ്ടും അറസ്റ്റു ചെയ്തു. ഡല്‍ഹിയില്‍നിന്നും പഡ്ഗയില്‍നിന്നും യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതുമായി ബന്ധപ്പെട്ട കേസിലായിരുന്നു അറസ്റ്റ്.