/kalakaumudi/media/media_files/jiTLZKgSUfTa0fu6iNzd.jpg)
ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ (74) ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചു. ജനുവരി 10-ന് രണ്ട് തവണ ബോധരഹിതനായി വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ എം.ആര്‍.ഐ ഉള്‍പ്പെടെയുള്ള വിശദമായ പരിശോധനകള്‍ക്ക് വിധേയനാക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച ശുചിമുറിയില്‍ പോകുന്നതിനിടെയാണ് അദ്ദേഹത്തിന് രണ്ടുതവണ ബോധക്ഷയമുണ്ടായത്. തിങ്കളാഴ്ച രാവിലെ പതിവ് പരിശോധനകള്‍ക്കായി എയിംസില്‍ എത്തിയ അദ്ദേഹത്തെ, കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
നേരത്തെ ഉപരാഷ്ട്രപതി ആയിരുന്ന സമയത്തും പല പൊതുപരിപാടികള്‍ക്കിടെ അദ്ദേഹം ബോധരഹിതനായി വീണിട്ടുണ്ട്. റാന്‍ ഓഫ് കച്ച്, ഉത്തരാഖണ്ഡ്, കേരളം, ഡല്‍ഹി എന്നിവിടങ്ങളില്‍ വെച്ചുണ്ടായ ഇത്തരം സംഭവങ്ങള്‍ മുന്‍പ് വാര്‍ത്തയായിരുന്നു. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ജൂലൈ 21-നാണ് ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്.
ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നുള്ള ജഗ്ദീപ് ധന്‍കറിന്റെ രാജി അപ്രതീക്ഷിതമായിരുന്നു. സഭ നിയന്ത്രിച്ചതിന് ശേഷം വൈകിട്ടോടെ ആരോഗ്യ കാരണങ്ങളെ തുടര്‍ന്നായിരുന്നു രാജി. ധന്‍കറിന്റെ പിന്‍ഗാമിയായാണ് സിപി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റെടുത്തത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
