/kalakaumudi/media/media_files/2026/02/17/macron-3-2026-02-17-08-53-37.jpg)
മുംബൈ: ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുംബൈയില്‍ കൂടിക്കാഴ്ച്ച നടത്തും. ഇമ്മാനുവല്‍ മാക്രോണിന്റെ ത്രിദിന ഇന്ത്യ സന്ദര്‍ശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് അദ്ദേഹവും ഭാര്യ ബ്രിഗൈറ്റും മുംബൈയിലെത്തിയത്. വിമാനത്താവളത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഗവര്‍ണര്‍ ആചാര്യ ദേവ്‌റത്ത് തുടങ്ങിയവര്‍ ഇരുവരെയും സ്വീകരിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹകരണവും റാഫേല്‍ വിമാനങ്ങള്‍ക്കായുള്ള കരാറും ഇരു രാജ്യങ്ങള്‍ക്കിടയില്‍ ധാരണയായേക്കും. ഇന്ത്യയുമായുള്ള സൈനിക പങ്കാളിത്തം വികസിപ്പിക്കാനും 114 അധിക ഫ്രഞ്ച് യുദ്ധവിമാനങ്ങള്‍ക്കുള്ള കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഉണ്ടാകും.
തുടര്‍ന്ന് ബുധനാഴ്ചയും വ്യാഴാഴ്ചയും നടക്കുന്ന ഇന്ത്യ എ.ഐ ഇംപാക്റ്റ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇമ്മാനുവല്‍ മാക്രോണ്‍ ന്യൂഡല്‍ഹിയിലേക്ക് പോകും. റാഫേല്‍ വിമാനങ്ങള്‍ക്കായി ഓര്‍ഡര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നതായി കഴിഞ്ഞ ആഴ്ച ഇന്ത്യ സ്ഥിരീകരിച്ചിരുന്നു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡി.എ.സി) കഴിഞ്ഞ ആഴ്ച റാഫേല്‍ ജെറ്റുകള്‍ വാങ്ങുന്നതിന് അനുമതി നല്‍കിയിരുന്നു. അവയില്‍ ഭൂരിഭാഗവും ഇന്ത്യയിലാണ് നിര്‍മ്മിക്കുക.
ഫ്രാന്‍സിലെ ഡസ്സോള്‍ട്ട് ഏവിയേഷനില്‍ നിന്ന് 114 പുതിയ റാഫേല്‍ ജെറ്റുകള്‍ വാങ്ങുന്നതിനുള്ള 3.60 ലക്ഷം കോടി രൂപയുടെ നിര്‍ദേശം ഫെബ്രുവരി 12 ന് അംഗീകരിച്ചതായി എച്ച്.ടി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
114 റാഫേലുകള്‍ക്കായുള്ള കരാറിനെ നൂറ്റാണ്ടിന്റെ കരാര്‍ എന്നും ഉഭയകക്ഷി ബന്ധങ്ങള്‍ കിരീട നേട്ടമാണെന്നും പാരീസിലെ സയന്‍സസ് പോ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ഇന്ത്യാ സ്‌പെഷ്യലിസ്റ്റായ ക്രിസ്റ്റോഫ് ജാഫ്രലോട്ട് വിശേഷിപ്പിച്ചു.
കൂടിക്കാഴ്ച്ചയില്‍ അന്തിമ തീരുമാനമായാല്‍ 2016 ല്‍ ഇന്ത്യ വ്യോമസേനക്കായി വാങ്ങിയ 36 റാഫേലുകളിലേക്കും നാവികസേനക്കായി ഓര്‍ഡര്‍ ചെയ്ത 26 റാഫേലുകളിലേക്കും ഈ ജെറ്റുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
