ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ 17 മുതല്‍ 19 വരെ ഇന്ത്യയില്‍

സന്ദര്‍ശനത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റില്‍' (India AI Impact Summit) മാക്രോണ്‍ പങ്കെടുക്കും.

author-image
Biju
New Update
macron 2

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണമനുസരിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഫെബ്രുവരി 17 മുതല്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തും. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഇരുനേതാക്കളും ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം (MEA) അറിയിച്ചു.

സന്ദര്‍ശനത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റില്‍' (India AI Impact Summit) മാക്രോണ്‍ പങ്കെടുക്കും. ആഗോളതലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പങ്കിനെക്കുറിച്ചും ഉത്തരവാദിത്തമുള്ള ഉപയോഗത്തെക്കുറിച്ചും ഈ ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ നടക്കും.

പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മാക്രോണും സംയുക്തമായി മുംബൈ സന്ദര്‍ശിക്കുകയും 'ഇന്ത്യ-ഫ്രാന്‍സ് നവീകരണ വര്‍ഷം' ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക വിദ്യ, ഗവേഷണം, പുത്തന്‍ ആശയങ്ങള്‍ എന്നിവയിലെ സഹകരണം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

2047-ലേക്കുള്ള 'ഹൊറൈസണ്‍ 2047' റോഡ്മാപ്പ് പ്രകാരം പ്രതിരോധം, സുരക്ഷ, ഊര്‍ജ്ജം, പീപ്പിള്‍-ടു-പീപ്പിള്‍ എക്‌സ്‌ചേഞ്ച് തുടങ്ങി വിവിധ മേഖലകളിലെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തും.

ഇന്തോ-പസഫിക് മേഖലയിലെ സഹകരണം ഉള്‍പ്പെടെയുള്ള സുപ്രധാന പ്രാദേശിക, ആഗോള വിഷയങ്ങളും ചര്‍ച്ചാവിഷയമാകും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രധാനമന്ത്രി മോദി ഫ്രാന്‍സ് സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസവും തന്ത്രപരമായ ബന്ധവും കൂടുതല്‍ ദൃഢമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.