വയനാട്ടില്‍നിന്ന് ഡല്‍ഹിയില്‍; ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥ: പ്രിയങ്ക

പ്രിയങ്ക ഗാന്ധി ലോക്‌സഭയിലേക്കു മത്സരിച്ച വയനാട്ടിലെ കാലാവസ്ഥയോട് താരതമ്യം ചെയ്താണ് ഡല്‍ഹിയിലെ കടുത്ത വായുമലിനീകരണത്തില്‍ ആശങ്ക പങ്കുവച്ചത്.

author-image
Prana
New Update
delhi smog

രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ ആശങ്ക പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. പ്രിയങ്ക ലോക്‌സഭയിലേക്കു മത്സരിച്ച വയനാട്ടിലെ കാലാവസ്ഥയോട് താരതമ്യം ചെയ്താണ് ഡല്‍ഹിയിലെ കടുത്ത വായുമലിനീകരണത്തില്‍ ആശങ്ക പങ്കുവച്ചത്. വായു ഗുണനിലവാര സൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ്) 35 ഉണ്ടായിരുന്ന വയനാട്ടില്‍നിന്ന് ഡല്‍ഹിയിലേക്കെത്തുമ്പോള്‍ ഗ്യാസ് ചേംബറില്‍ കയറിയ അവസ്ഥയായിരുന്നുവെന്നു പ്രിയങ്ക പറഞ്ഞു. വിമാനത്തില്‍നിന്ന് ഡല്‍ഹിയെ നോക്കുമ്പോള്‍ കാണുന്ന പുകപടലം ഞെട്ടിക്കുന്നതാണ് എന്നായിരുന്നു പ്രിയങ്ക സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചത്.
'ഡല്‍ഹിയിലെ മലിനീകരണം ഓരോ വര്‍ഷം പിന്നിടുന്തോറും മോശമായിക്കൊണ്ടിരിക്കുകയാണ്. ഈ വായു ശുദ്ധമാക്കുന്നതിനായി നാം എല്ലാവരും ഒത്തുചേര്‍ന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത് രാഷ്ട്രീയത്തിന്റെയോ മറ്റ് വിഷയങ്ങളുടെയോ കാര്യമല്ല. ആര്‍ക്കും ശ്വസിക്കാനാവുന്നില്ല കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ വന്നുതുടങ്ങി. നമ്മള്‍ ഉടന്‍ ഇതിന് പരിഹാരം ചെയ്‌തേ പറ്റൂ എന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

priyanka gandhi air pollution wayanad delhi