ഗെയിന്‍ ബിറ്റ്‌കോയിന്‍ കേസ്: ശില്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ 97 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ ഡി

മുംബൈ ജുഹുവില്‍ ശില്പ ഷെട്ടിയുടെ പേരിലുള്ള ഫ്‌ളാറ്റ്, പൂണെയിലെ ബംഗ്ലാവ് എന്നിവയടക്കമുള്ള വസ്തുവകകളും ഇ.ഡി. കണ്ടുകെട്ടിയിട്ടുണ്ട്.

author-image
Rajesh T L
New Update
raj kundra

രാജ് കുന്ദ്ര ശില്പ ഷെട്ടി

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ 97.79 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസിലാണ് കുന്ദ്രയുടെ സ്വത്ത് കണ്ടുകെട്ടിയത്. മുംബൈ ജുഹുവില്‍ ശില്പ ഷെട്ടിയുടെ പേരിലുള്ള ഫ്‌ളാറ്റ്, പൂണെയിലെ ബംഗ്ലാവ് എന്നിവയടക്കമുള്ള വസ്തുവകകളും ഇ.ഡി. കണ്ടുകെട്ടിയിട്ടുണ്ട്. 

'വാരിയബിള്‍ ടെക് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയുടെ പേരില്‍ ഏകദേശം 6600 കോടി രൂപയുടെ തട്ടിപ്പാണ് ബിറ്റ്‌കോയിന്‍ നിക്ഷേപത്തിൻറെ മറവില്‍ രാജ് കുന്ദ്ര നടത്തിയത്. മാസംതോറും നിശ്ചിത ലാഭത്തുക വാഗ്ദാനംചെയ്ത് ബിറ്റ്‌കോയിന്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച് മണിചെയിന്‍ മാതൃകയിലായിരുന്നു തട്ടിപ്പ്. വാരിയബിള്‍ ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പ്രൊമോട്ടര്‍മാരായ അമിത് ഭരദ്വാജ്, അജയ് ഭരദ്വാജ്, വിവേക് ഭരദ്വാജ്, സിംപി ഭരദ്വാജ്, മഹേന്ദര്‍ ഭരദ്വാജ് തുടങ്ങിയവരായിരുന്നു കേസിലെ മറ്റ് പ്രതികള്‍. 

ഡല്‍ഹി പോലീസും മഹാരാഷ്ട്ര പോലീസും നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ്‌ ബിറ്റ്‌കോയിന്‍ തട്ടിപ്പില്‍ ഇ.ഡി. അന്വേഷണം ആരംഭിച്ചത്.പിന്നാലെയാണ് തട്ടിപ്പിലെ മുഖ്യസൂത്രധാരനായ അമിത് ഭരദ്വാജില്‍നിന്ന് രാജ് കുന്ദ്രയ്ക്കും ബിറ്റ്‌കോയിന്‍ ലഭിച്ചതായി കണ്ടെത്തിയത്. യുക്രൈയിനില്‍ ബിറ്റ്‌കോയിന്‍ മൈനിങ് ഫാം സ്ഥാപിക്കാനായാണ് 285 ബിറ്റ്‌കോയിനുകള്‍ രാജ് കുന്ദ്രയ്ക്ക് കൈമാറിയിരുന്നത്. നേരത്തെ കൈമാറിയ ബിറ്റ്‌കോയിനുകളെല്ലാം രാജ് കുന്ദ്ര കൈവശം സൂക്ഷിക്കുകയായിരുന്നു. ഇതിന് ഏകദേശം 150 കോടിയോളം രൂപ മൂല്യമുണ്ടായിരുന്നതായാണ് അന്വേഷണ റിപ്പോർട്ട്. 

ഗെയിന്‍ ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ സിംപി ഭരദ്വാജ്, നിതിന്‍ ഗൗര്‍, നിഖില്‍ മഹാജന്‍ എന്നിവരെ ഇ.ഡി.  അസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ മൂവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. എന്നാൽ, കേസിലെ മുഖ്യപ്രതികളായ അജയ് ഭരദ്വാജ്, മഹേന്ദര്‍ ഭരദ്വാജ് തുടങ്ങിയവര്‍ ഇപ്പോഴും ഒളിവിലാണ്.

shilpa shetty raj kundra gain bit coin ed