ഗജേന്ദ്ര സിങ് ഷെഖാവത്ത്, തേജസ്വി യാദവ്
ദിസ്പുര്‍: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെക്കുറിച്ചുള്ള രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് തേജസ്വി യാദവിന്റെ വിവാദ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. വംശീയ പരാമര്‍ശമാണ് തേജസ്വി യാദവ് നടത്തിയതെന്നും മുഖ്യമന്ത്രിയെ അപമാനിക്കുന്നത് മാത്രമല്ല, വടക്കുകിഴക്കന്‍ ഇന്ത്യയിലെയും അസമിലെയും ജനങ്ങളെ അനാദരിക്കുന്നതുമാണ് പരാമര്‍ശമെന്നും അദ്ദേഹം പറഞ്ഞു. തേജസ്വി യാദവ് മാപ്പ് പറയണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.
അസം അസംബ്ലിയില്‍ നമസ്‌കാരത്തിനുള്ള രണ്ടുമണിക്കൂര്‍ ഇടവേള എടുത്തുകളയാനുള്ള തീരുമാനത്തിനെതിരെ ശബ്ദമുയര്‍ത്തിയ തേജസ്വി യാദവ്, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെ 'യോഗിയുടെ ചൈനീസ് പതിപ്പ്' എന്ന് വിശേഷിപ്പിച്ചിരുന്നു. യോഗി ബുള്‍ഡോസര്‍ ഉപയോഗിക്കുന്നു, ഹിമന്ത ബിശ്വ ശര്‍മ്മ നമസ്‌കാരം നിര്‍ത്തലാക്കുന്നു. രാജ്യം എല്ലാവരുടെതുമാണ്. സമാധാനമാണ് വേണ്ടത്, എന്നാല്‍ ബിജെപി വിദ്വേഷം പരത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
അസം മുഖ്യമന്ത്രി മുസ്ലിങ്ങളെ ദ്രോഹിക്കുന്ന പ്രവൃത്തികള്‍ മനഃപൂര്‍വം ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും താത്പര്യം ലഭിക്കുന്നതിനായി വിദ്വേഷം പരത്തുന്നതിനും സമൂഹത്തെ ധ്രുവീകരിക്കുന്നതിനും ബി.ജെ.പി. മുസ്ലിം സഹോദരങ്ങളെ ലക്ഷ്യം വച്ചിരിക്കുകയാണെന്നും തേജസ്വി യാദവ് പറഞ്ഞിരുന്നു.
സമയക്കുറവ് മൂലം വെള്ളിയാഴ്ചകളില്‍ ചര്‍ച്ചനടത്തുന്നത് ബുദ്ധിമുട്ടായതിനാലാണ് തീരുമാനമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഭേദഗതിചെയ്ത ചട്ടമനുസരിച്ച്, വെള്ളിയാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും രാവിലെ 9.30-ന് അസം നിയമസഭാ നടപടികള്‍ ആരംഭിക്കും. സമൂഹത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ലക്ഷ്യമിട്ടുള്ള കൊളോണിയല്‍ ആചാരം ഇല്ലാതാക്കാനാണ് ഭേദഗതി വരുത്തിയതെന്നും ഉത്തരവില്‍ പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
