സൗരോര്‍ജ കരാറിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ അദാനി ഗ്രൂപ്പിനെതിരേ യു.എസ് അഴിമതിക്കുറ്റം ചുമത്തിയതില്‍ പ്രതികരണവുമായി ചെയര്‍മാന്‍ ഗൗതം അദാനി. ഞങ്ങള്‍ക്കെതിരേ ആദ്യമായല്ല ഇത്തരം ആരോപണങ്ങളുണ്ടാവുന്നതെന്നും ഓരോ ആക്രമണവും അദാനി ഗ്രൂപ്പിനെ കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്യുന്നതെന്നും ഗൗതം അദാനി ജയ്പുരില്‍ പറഞ്ഞു. രാജസ്ഥാനില്‍ നടന്ന 51ാമത് വജ്രസ്വര്‍ണ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദാനി.
പ്രചരിക്കുന്നതൊന്നുമല്ല വസ്തുത. നിക്ഷിപ്ത താത്പര്യത്തോടെയുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരും ഒരുതരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനമോ ഗൂഢാലോചനയോ നടത്തിയിട്ടില്ല. എങ്കിലും വസ്തുതകളേക്കാള്‍ വേഗത്തില്‍ തെറ്റായ കാര്യങ്ങളാണ് ഇന്ന് പ്രചരിക്കുകയെന്നും അദാനി ചൂണ്ടിക്കാട്ടി.
സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് അദാനി ഗ്രീന്‍ എനര്‍ജിക്കെതിരെയുള്ള പ്രധാന ആരോപണം. ഇതിന്റെ പേരില്‍ യു.എസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമാണ് യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ കുറ്റാരോപണം.
ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്‌സിക്യൂട്ടീവുകള്‍, അസുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനക്കും വഞ്ചനയ്ക്കുമാണ് കുറ്റം ചുമത്തിയിട്ടുള്ളത്.
അദാനി ഗ്രീന്‍ എനര്‍ജിക്കായി മൂന്ന് ബില്യണ്‍ ഡോളറിലധികം വായ്പയെടുക്കാന്‍ ഗൗതം അദാനി, സാഗര്‍ അദാനി, വിനീത് ജെയ്ന്‍ എന്നിവര്‍ വായ്പക്കാരില്‍നിന്നും നിക്ഷേപകരില്‍നിന്നും കൈക്കൂലിക്കാര്യം മറച്ചുവെച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. വിദേശ വ്യാപാര ഇടപാടുകളിലെ കൈക്കൂലിക്കെതിരായ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ടിന്റെ കീഴിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.