ജനറല്‍ നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; കേസെടുത്ത് പൊലീസ്

പ്രാഥമിക പരിശോധനയില്‍ ഇതേ തലക്കെട്ടുള്ള ടൈപ്പ്‌സെറ്റ് പുസ്തകത്തിന്റെ പിഡിഎഫ് പകര്‍പ്പ് വെബ്‌സൈറ്റുകളില്‍ ലഭ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഇത് തയാറാക്കിയെതെന്നാണ് സംശയം

author-image
Biju
New Update
naravane

ന്യൂഡല്‍ഹി: കരസേനാ മുന്‍ മേധാവി ജനറല്‍ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടു ഡല്‍ഹി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള പുസ്തകത്തിന്റെ പിഡിഎഫ് പകര്‍പ്പ് വിവിധ വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട സംഭവത്തിലാണ് നടപടി. 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തിന്റെ പ്രീപ്രിന്റ് കോപ്പിയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 

പ്രാഥമിക പരിശോധനയില്‍ ഇതേ തലക്കെട്ടുള്ള ടൈപ്പ്‌സെറ്റ് പുസ്തകത്തിന്റെ പിഡിഎഫ് പകര്‍പ്പ് വെബ്‌സൈറ്റുകളില്‍ ലഭ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഇത് തയാറാക്കിയെതെന്നാണ് സംശയം. കൂടാതെ പുസ്തകം വില്‍പ്പനയ്ക്ക് ലഭ്യമാണെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ കവര്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. 

കിഴക്കന്‍ ലഡാക്കിലെ ചൈനീസ് നീക്കവുമായി ബന്ധപ്പെട്ട ഭാഗം വിശദീകരിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തിലെ ഭാഗം പരാമര്‍ശിച്ചിരുന്നു. പ്രസിദ്ധീകരിക്കാത്ത പുസ്തകം പരാമര്‍ശിക്കുന്നതു ചട്ടവിരുദ്ധമാണെന്ന് കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് എന്നിവര്‍ വാദിച്ചപ്പോള്‍ പ്രിന്റ് ചെയ്ത പതിപ്പുമായി പിന്നീടു രാഹുല്‍ ഗാന്ധി സഭയില്‍ എത്തി. പുസ്തകത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് 'ജോ ഉചിത് സംജോ വോ കരോ' നിര്‍ദേശം നല്‍കിയെന്ന വാചകം പ്രതിപക്ഷം രാഷ്ട്രീയ ആയുധമായി ഉയര്‍ത്തുകയും ചെയ്തിരുന്നു.